തിരുവനന്തപുരം: അമ്മയുടെ മരണം മറച്ചുവെച്ച് എട്ട് വര്‍ഷം പരേതനായ കെ.എസ്.ഇ.ബി ജീവനക്കാരന്റെ പെന്‍ഷന്‍ തട്ടിയെടുത്ത് മകളും ചെറുമകനും മുങ്ങി. അതിയന്നൂര്‍ അരങ്കമുകള്‍ ബാബു സദനത്തില്‍ അംബിക, മകന്‍ പ്രേംജിത് ലാല്‍ ബാബു എന്നിവരെയാണ് പോലീസ് തിരയുന്നത്. 86 മാസം കൊണ്ട് 10.68 ലക്ഷം രൂപ തട്ടിയെടുത്തു. ഇരുവരും ഒളിവിലാണ്.
കെ.എസ്.ഇ.ബി നെയ്യാറ്റിന്‍കര ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. മിനിയുടെ മൊഴി പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ജീവനക്കാരുടെ അറിവോടെയാണോ രേഖകള്‍ പരിശോധിക്കാതെ ഇത്രയും കാലം പെന്‍ഷന്‍ നല്‍കിയതെന്നും പോലീസ് പരിശോധിക്കും.
കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന പരേതനായ അപ്പുക്കുട്ടന്റെ മകള്‍ അംബികയും പേരക്കുട്ടിയായ പ്രേംജിത് ലാലുമാണ് പണം തട്ടിയത്. അപ്പുക്കുട്ടന്റെ മരണത്തെ തുടര്‍ന്ന് ഭാര്യ പൊന്നമ്മയ്ക്ക് ഫാമിലി പെന്‍ഷന്‍ ലഭിച്ചിരുന്നു. പ്രജിത് ലാലാണ് പൊന്നമ്മയ്‌ക്കൊപ്പം പെന്‍ഷന്‍ വാങ്ങാനെത്തിയിരുന്നത്. 2012 ല്‍ പൊന്നമ്മ മരണപ്പെട്ടു. ഇക്കാര്യം കെ.എസ്.ഇ.ബിയെ അറിയിച്ചില്ല. പകരം ബാങ്കില്‍ കൃത്രിമം കാട്ടി മകള്‍ അംബികയും മകന്‍ പ്രേംജിത്‌ലാല്‍ ബാബുവും കഴിഞ്ഞ എട്ട് വര്‍ഷമായി പെന്‍ഷന്‍ കൈപ്പറ്റുകയായിരുന്നു.
പെന്‍ഷന്‍കാരി ജീവിച്ചിരിപ്പുണ്ടെന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിബന്ധനയാണ് ഇവരെ കുടുക്കിയത്. പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ലൈഫ് കാര്‍ഡ് ഹാജരാക്കണമെന്ന അറിയിപ്പ് അയച്ചിട്ടും പൊന്നമ്മയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരുന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് അധികൃതര്‍ തട്ടിപ്പ് പിടികൂടിയത്. പിന്നീട് പ്രതികള്‍ ഓഫീസിലെത്തി മുഴുവന്‍ തുകയും ഉടന്‍ അടയ്ക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. രണ്ട് മുദ്രപ്പത്രത്തില്‍ മുഴുവന്‍ തുകയും ഓഗസ്റ്റ് 14ന് നല്‍കാമെന്ന് എഴുതിക്കൊടുത്തു. എന്നാല്‍ ഉറപ്പു ലംഘിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

