ലോക്ഡൗണ്‍ കാലത്ത് ശ്രമിക് ട്രെയിനില്‍ 97 പേര്‍ മരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച പ്രത്യേക ട്രെയിനായ ശ്രമിക് ട്രെയിന്‍ യാത്രയ്ക്കിടയില്‍ 2020 സെപ്തംബര്‍ 9 വരെ 97 പേര്‍ മരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയന്റെ ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്. 97 കേസുകളില്‍ 87 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരുന്നു എന്നും കേന്ദ്രം വ്യക്തമാക്കി. 51 പേര്‍ മരിച്ചത് ഹൃദയസ്തംഭനം, ഹൃദയ സംബന്ധിയായ തകരാറുകള്‍, ബ്രെയിന്‍ ഹെമറേജ്, നേരത്തെയുള്ള അസുഖങ്ങള്‍, കരള്‍ രോഗം എന്നിവയെ തുടര്‍ന്നാണെന്നും കേന്ദ്രം രാജ്യസഭയെ അറിയിച്ചു. 97 മരണവും അസ്വഭാവിക മരണത്തിന് കേസെടുത്ത് അതാത് സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുന്നവയാണെന്നും പിയൂഷ് ഗോയല്‍ സഭയില്‍ വ്യക്തമാക്കി.

അന്യസംസ്ഥാന തൊഴിലാളികളെ തിരകെ നാടുകളിലെത്തിക്കാനായി 2020 മെയ് 1 മുതലാണ് പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിച്ചത്. മെയ് 1 നും ആഗസ്റ്റ് 31 നും ഇടയില്‍ 4621 സര്‍വ്വീസുകള്‍ നടന്നു. 63,19,000 യാത്രക്കാരാണ് പ്രത്യേക സര്‍വ്വീസല്‍ സഞ്ചരിച്ചത്. നേരത്തെ ഈ പ്രത്യേക ട്രെയിനുകളില്‍ പട്ടിണി മൂലം ആളുകള്‍ മരിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ട്രെയിന്‍ യാത്രക്കാര്‍ അസുഖബാധിതരായാല്‍ ട്രെയിന്‍ നിര്‍ത്തി ചികിത്സ തേടുന്നതില്‍ റെയില്‍വേ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് റെയില്‍വേ ബോര്‍ഡ് സി.ഇ.ഒ വി.കെ. യാദവ് പ്രതികരിച്ചിരുന്നത്.

സംസ്ഥാനങ്ങള്‍ യാത്രക്കാരില്‍ നിന്നും പണം സ്വീകരിച്ച് റെയില്‍വേക്ക് നല്‍കിയിരുന്നു. മെയ് 1 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള സമയത്ത് 433 കോടി രൂപ ഇത്തരത്തില്‍ ലഭിച്ചിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി. യാത്രയ്ക്കിടെ ഭക്ഷണം, വെള്ളം എന്നിവ ലഭ്യമല്ലെന്നും ഐ.ആര്‍.സി.ടി.സിക്ക് 113 പരാതികള്‍ ലഭിച്ചുവെന്നും പീയൂഷ് ഗോയല്‍ പറയുന്നു. ആര്‍.പി.എഫില്‍ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് മെയ് 9 നും മെയ് 27നും ഇടയില്‍ 80 പേര്‍ ട്രെയിന്‍ യാത്രയ്ക്കിടയില്‍ മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എത്രപേര്‍ മരിച്ചെന്നതിന് കണക്ക് കൈവശമില്ലെന്നും മരിച്ചവര്‍ക്ക് നഷ്ടപരിഹാരമോ ആനുകൂല്യങ്ങളോ നല്‍കില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു വിവാദമായ സാഹചര്യത്തിലാണ് കൃത്യമായ കണക്ക് പിയൂഷ് ഗോയല്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്

Share
അഭിപ്രായം എഴുതാം