കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രമുഖരുമായി നടത്തിയ ഫോൺ ചാറ്റുകൾ എൻ.ഐ.എ. വീണ്ടെടുത്തു. അറസ്റ്റിലാകുന്നതിന് മുമ്പ് സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എൻ.ഐ.എ.കണ്ടെത്തിയത്. സ്ക്രീൻ ഷോട്ടുകൾ പിന്നീട് ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കാനായി സൂക്ഷിച്ചതാണെന്ന് കരുതുന്നു. പലതും പരിധി വിട്ടുള്ള ചാറ്റുകൾ ആണെന്നാണ് സൂചന.
ഇതിനിടെ സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എൻ.ഐ.എ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിങ്ങിനു പോയതായും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. ഉന്നതന്റെ മകൻ സ്വപ്നയുടെ ബിസിനസിൽ പങ്കാളിയാണെന്നുമാണ് എൻ.ഐ.എ. കണ്ടെത്തിയിരിക്കുന്നത്.ഇതിനിടെയാണ് ഗൂഗിൾ ഡ്രൈവിൽ നിന്നും ചാറ്റുകളുടെ സ്ക്രീൻ ഷോട്ട് എൻ.ഐ.എയ്ക്ക് ലഭിച്ചത്.

