ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ പ്രസ്താവിച്ചു. അതിര്‍ത്തിയിലെപ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണം. ഇതിനായി ചെനയുമായി സഹകരിച്ചു രോകാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. നീണ്ടകാലമായി തുടരുന്ന, ചരിത്ര പ്രാധാന്യമുള്ള അതിര്‍ത്തിയിലെ നിയന്ത്രണ രേഖ അംഗീകരിക്കാന്‍ ചൈന തയാറാകുന്നില്ല. എന്നാല്‍ ഉടമ്പടികള്‍ ഇല്ലാത്തതിനാല്‍ അതിര്‍ത്തി നിര്‍ണിയിച്ചില്ലെന്ന മട്ടിലാണ് ചൈനയുടെ പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖയില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും രാജ്നാഥ് സിങ് മുന്നറിയിപ്പ് നല്‍കി.ലഡാക്ക് അതിര്‍ത്തിയില്‍ മാസങ്ങളായി തുടരുന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
2020 ഏപ്രില്‍ മാസം മുതല്‍ ലഡാക്ക് അതിര്‍ത്തിയില്‍ സൈന്യം സാന്നിധ്യം വര്‍ധിപ്പിച്ചു വരികയാണ്. ചൈനീസ് ഭാഗത്ത് കനത്ത നാശം വിതയ്ക്കാന്‍ ഇന്ത്യന്‍ സേനകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഏപ്രില്‍ മുതല്‍ ചൈന അതിര്‍ത്തിയില്‍ സേന സാന്നിധ്യം വര്‍ധിപ്പിച്ചു. മേയില്‍ പാങ്ഗോംഗ്, ഗല്‍വാന്‍, ഗോഗ്ര എന്നിവിടങ്ങളില്‍ നിയന്ത്രണരേഖ കടക്കാന്‍ ചൈനീസ് സൈന്യം ശ്രമിച്ചു. ജൂണ്‍ ആറിന് കമാന്‍ഡര്‍മാരുടെ യോഗത്തിലൂടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. ജൂണ്‍ പതിനഞ്ചിന് ചൈനീസ് സേന ആക്രമണത്തിലേക്ക് നീങ്ങി. ഇന്ത്യന്‍ സൈന്യം ഈ നീക്കത്തെ കര്‍ശനമായി പ്രതിരോധിച്ചു. ചൈനീസ് ഭാഗത്ത് കാര്യമായ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷസംഘടനകള്‍ ബഹളം വച്ചെങ്കിലും ഈ ഘട്ടത്തില്‍ സഭ സേനകള്‍ക്കൊപ്പം നില്‍ക്കണമെന്നും അതിനാല്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവനയില്‍ ചര്‍ച്ച വേണ്ടെന്നുമുള്ള നിലപാടാണ് ലോക്സഭാ സ്പീക്കര്‍ സ്വീകരിച്ചത്.

