രമേശ് ചെന്നിത്തല സമരാഭാസം പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് സിപിഎം.

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് താന്‍ പറഞ്ഞില്ലെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല സമരാഭാസം പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് സിപിഎം. സ്വര്‍ണക്കടത്തിന്റെ പേരും പറഞ്ഞ് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്താന്‍ നിത്യേന പത്രസമ്മേളനം നടത്തുന്ന ആളാണ് ചെന്നിത്തല. ഖുറാന്റെ മറവില്‍ ജലീല്‍ സ്വര്‍ണം കടത്തിയെന്ന് പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഇക്കൂട്ടരുടെ ആഹ്വാന പ്രകാരമാണ് നാട്ടില്‍ അരാജകത്വം അരങ്ങേറുന്നതെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. പ്രതിപക്ഷം വി. മുരളീധരന്റെ പേരു പരാമര്‍ശിക്കാത്തത് ശ്രദ്ധേയമാണ്. ചെന്നിത്തല നടത്തിയ തുറന്ന് പറച്ചിലിലൂടെ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം വ്യകതമായി എന്നും സിപിഎം പ്രസ്താവിച്ചു.

മന്ത്രി ജലീലിനെ അപായപ്പെടുത്താന്‍ നോക്കിയതും, അക്രമപരമ്പര അഴിച്ചു വിട്ടതും അതിന്റെ ഭാഗമായാണ്. യുഡിഎഫും ബിജെപിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളെന്നും പ്രസ്താവനയില്‍ പറയുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടത്താതിരിക്കാനാണ് യുഡിഎഫും ബിജെപിയും പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ഒരു ദിവസത്തെ ആയുസ്സുപോലുമില്ലാത്ത നുണകള്‍ ചില മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നു. സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച പല ആരോപണങ്ങളും തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിട്ടുള്ളതാണ്. ചിലത് കൈയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കേരളം കണ്ടതാണ്. പ്രതിപക്ഷ നേതാവിന്റെ പദവിയ്ക്ക് ചേരാത്ത രൂപത്തില്‍ അപവാദം പ്രചരിപ്പിച്ച് കലാപത്തിന് അണികളെ ഇളക്കിവിടുന്ന തരംതാണ രീതി അവസാനിപ്പിക്കാന്‍ ചെന്നിത്തല തയ്യാറാകണം. അല്ലെങ്കില്‍ ദിവസവും തിരുത്തി പറയാന്‍ പത്രസമ്മേളനം വിളിക്കേണ്ട ഗതികേടിലാവുകയും സ്വയം പരിഹാസ്യനാവുകയും ചെയ്യുമെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം