കൊച്ചി: ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ് നടനും ഡബ്ബിംങ് ആര്‍ട്ടിസ്റ്റുമായ പ്രബീഷ് ചക്കാലയ്ക്കല്‍ മരിച്ചു. 44 വയസായിരുന്നു. കൊച്ചി കുണ്ടന്നൂര്‍ സ്വദേശിയാണ്. കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ഷോട്ട്ഫിലിം ചിത്രകരണത്തിനിട യിലായിരുന്നു കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിക്കാനായി സഹായം അഭ്യര്‍ത്ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുള്ള പ്രബീഷ് ജെ.എസ്.ഡബ്ല്യു സിമന്റ്‌സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ്. സി.എസ്.എസ് സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. കൊച്ചിന്‍ കൊളാഷ് ചാനലിന്റെ കൊറോണക്കാലത്തെ ഓണം എന്ന പരിപാടിയില്‍ മാവേലിയായി അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രീകരണത്തിനിടെ ഫേസ്ബുക്കില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോയെടുത്ത് അല്‍പ്പ സമയത്തിനകമാണ് പ്രബീഷ് കുഴഞ്ഞു വീണത്. റോഡരികില്‍ മാലിന്യം തള്ളുന്നത് പ്രമേയമാക്കിയ ബോധവത്ക്കരണ ടെലിഫിലിമായിരുന്നു ചിത്രീകരിച്ചത്. മാലിന്യക്കൂമ്പാരത്തെ ചോദ്യം ചെയ്യുന്ന സായിപ്പിന്റെ വേഷം ഭംഗിയാക്കിയതിന് ശേഷമാണ് ഒന്നിച്ചൊരു ഫോട്ടോ എടുത്തത്. കുഴഞ്ഞു വീണ പ്രബീഷിനെ അടിയന്തിരമായി ആശുപത്രിയിലെത്തി ക്കാന്‍ വാഹനങ്ങള്‍ക്കു മുന്നില്‍ യാചിച്ചു കൈനീട്ടിയിട്ടും ആരും സഹായിച്ചി ല്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മേക്കപ്പ് അണിഞ്ഞിരുന്നതിനാല്‍ പ്രബീഷിന്റെ പോക്കറ്റില്‍ പെട്ടുപോയ കാറിന്റെ താക്കോലെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. ഒടുവില്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഔദ്യോഗിക ജീവിതത്തിനൊപ്പം കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ പ്രബീഷിന് സാധിച്ചു. പൊതുരംഗത്തും സജീവമായിരുന്നു.
ചക്കാലയ്ക്കല്‍ സി. പി. ജോസഫിന്റെ മകനാണ്. പരേതയായ റീത്തയാണ് മാതാവ്. ഭാര്യ ജാന്‍സി. മകള്‍ ടാനിയ.

