തിരുവനന്തപുരം: സിപിഎം പാര്‍ട്ടി വക കെട്ടിടത്തില്‍ ആശാപ്രവര്‍ത്തകയായ പാര്‍ട്ടി അംഗം ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്. അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ ആശയാണ് (40) പാര്‍ട്ടി വക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം ആശയുടെ മൃതദേഹം 12-09-20 ശനിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. ആശയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. ആത്മഹത്യാക്കുറിപ്പ് കൈയക്ഷര പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. കത്ത് ആശയുടേതാണെന്ന് ഉറപ്പാക്കിയശേഷം ഉള്ളടക്കത്തെ കുറിച്ച് വിശദമായ അന്വേഷണവും തുടര്‍ നടപടികളും കൈക്കൊള്ളുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി അനില്‍കുമാര്‍ അറിയിച്ചു.
ചെങ്കല്‍ പഞ്ചായത്തിലെ ആശാ വര്‍ക്കറായിരുന്നു ആശ. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ച് വരികയാണ്. പാര്‍ട്ടി മീറ്റിംഗില്‍ നടന്ന ചില കാര്യങ്ങളില്‍ ആശയ്ക്കുണ്ടായ മനോവിഷമമാണ് മരണ കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത പഴ്സില്‍നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. പ്രാദേശിക നേതാക്കന്മാര്ക്കെതിരേയാണ് കുറിപ്പിലെ വിവരണം. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയത്തില്‍ പാര്‍ട്ടി പരിശോധന നടത്തുമെന്ന് സി.പി.എം പാറശ്ശാല ഏരിയാ സെക്രട്ടറി അജയകുമാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് യാതൊരു പരാതിയും പാര്‍ട്ടി കമ്മിറ്റികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

