അതിർത്തിയിൽ സംഘർഷം പുകയുന്നു, ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ 11-09-2020, വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി : ലഡാക്കിലെ പാങ്കോങ് തടാകത്തിനു സമീപം സംഘർഷ സാഹചര്യം നിൽക്കവേ ഇന്ത്യ -ചൈന വിദേശകാര്യ മന്ത്രിമാർ ഇന്ന് മോസ്കോയിൽ കൂടിക്കാഴ്ച നടത്തും .മോസ്കോയിൽ നടന്നു വരുന്ന ഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ വച്ചാകും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇയും ചർച്ച നടത്തുക.

ഇന്ത്യൻ സമയം ആറുമണിയോടെയാകും ചർച്ച. ഷാങ്ഹായ് ഉച്ചകോടിയ്ക്കിടെ തന്നെ വെള്ളിയാഴ്ച ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയിലൂടെ സംഘർഷത്തിൽ യാതൊരു അയവും വന്നില്ല.

നിയന്ത്രണ രേഖയിൽ നിന്നുമുള്ള സേനാ പിൻമാറ്റം അടക്കമുള്ള കാര്യങ്ങളാണ് ഇന്ത്യ ചൈനയോട് ആവശ്യപ്പെടുന്നത് . അതിർത്തിയിലെ സംഘർഷ മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് വൻ സൈനിക വിന്യാസമാണ് ചൈന നടത്തുന്നത്.

സൈന്യത്തെ പിൻവലിക്കാൻ ചൈന തയ്യാറായാൽ മാത്രമേ മേഖലയിൽ സമാധാനം പുനസ്ഥാപിക്കപ്പെടുകയുള്ളൂ എന്നാണ് വിദേശ കാര്യ മന്ത്രി ജയശങ്കർ വ്യക്തമാക്കിയിട്ടുള്ളത്. ഈ ആവശ്യം തന്നെയാകും വൈകിട്ട് നടക്കുന്ന ചർച്ചയിലും ഇന്ത്യ ഉന്നയിക്കുക.

Share
അഭിപ്രായം എഴുതാം