മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി നാളെ പ്രധാനമന്ത്രി ‘സ്വാനിധി സംവാദ് ‘ നടത്തും

ന്യൂ ഡൽഹി: മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (സെപ്റ്റംബര്‍ 9) ‘സ്വാനിധി  സംവാദ് ‘ കൂടിക്കാഴ്ച  നടത്തും. കോവിഡ്  19 മൂലം പ്രതിസന്ധിയിലായ പാവപ്പെട്ട തെരുവോര കച്ചവടക്കാരുടെ ജീവിതമാര്‍ഗം പുനരുജ്ജീവിപ്പിക്കുന്നതിന്റെ  ഭാഗമായി, 2020 ജൂണ്‍ 1 നാണ് കേന്ദ്ര ഗവണ്‍മെന്റ്, ‘പിഎം സ്വാനിധി’ പദ്ധതി ആരംഭിച്ചത്. മധ്യപ്രദേശില്‍ നിന്നുള്ള 4.5 ലക്ഷത്തോളം തെരുവോര കച്ചവടക്കാര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നാല് ലക്ഷത്തിലധികം പേര്‍ക്ക് തിരിച്ചറിയല്‍, വെണ്ടര്‍  സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി കഴിഞ്ഞു. 2.45 ലക്ഷം യോഗ്യരായ ഗുണഭോക്താക്കളുടെ അപേക്ഷകള്‍ ഈ പോര്‍ട്ടല്‍ വഴി,  ബാങ്കുകള്‍ക്ക് കൈമാറി. ഇതില്‍ 1.4 ലക്ഷം തെരുവുകച്ചവടക്കാരുടെ അപേക്ഷകള്‍ സ്വീകരിച്ച് ഏകദേശം 140 കോടി രൂപ ധനസഹായം അനുവദിച്ചു. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് മധ്യപ്രദേശില്‍ നിന്നാണ്(47%).

 പ്രധാനമന്ത്രിയുമായുള്ള പരിപാടി പൊതുസ്ഥലങ്ങളില്‍ വീക്ഷിക്കുന്നതിന് 378 മുനിസിപ്പല്‍ ബോഡികളില്‍ എല്‍.ഇ.ഡി സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വെബ്കാസ്റ്റ് വഴി സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് MyGov യുടെ https://pmevents.ncog.gov.in/ ലിങ്കില്‍  പ്രീ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.  മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ  ശിവരാജ് സിംഗ് ചൗഹാനും വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രി,  പദ്ധതിയുടെ മധ്യപ്രദേശിലെ മൂന്ന് ഗുണഭോക്താക്കളുമായി അവരുടെ വില്‍പ്പന സ്ഥലത്ത് നിന്ന് വിര്‍ച്യുല്‍  ആയി സംവദിക്കും. 

Share
അഭിപ്രായം എഴുതാം