മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടിയും മോഡലും സുശാന്തിൻ്റെ കാമുകിയുമായ റിയ ചക്രവർത്തിയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. മയക്ക് മരുന്ന് കേസിലാണ് അറസ്റ്റ്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന എട്ടാമത്തെ വ്യക്തിയാണ് റിയ ചക്രവർത്തി. റിയയുടെ സഹോദരൻ ഷോവിക്ക്, സുശാന്തിൻ്റെ സഹായി ദീപേഷ് സാമന്ത്, സുശാന്തിൻ്റെ മാനേജർ സാമുവൽ മിറാൻഡ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മൂന്നുദിവസമായി റിയയെ മുംബൈയിലെ എൻ സി ബി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. ഇന്ന് ഉച്ചയോടെ നടിയുടെ അറസ്റ്റ് ഉണ്ടാകും എന്ന സൂചനകൾ പുറത്തുവന്നിരുന്നു. സുശാന്ത് സഹോദരി പ്രിയങ്കാ സിംഗ്,ഡോക്ടർ അരുൺ കുമാർ എന്നിവർക്കെതിരെയും മുംബൈയിലെ ബാന്ദ്ര പോലീസ് കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച 8-9-2020 ന് 6 മണിക്കൂറും , തിങ്കളാഴ്ച അഞ്ചു മണിക്കൂറും ഞായറാഴ്ച എട്ടുമണിക്കൂറുമാണ് റിയയെ ചോദ്യം ചെയ്തത്. എന്‍സിബി ആസൂത്രിതമായി റിയയുടെ സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡ, വീട്ടു ജോലിക്കാരന്‍ മനീഷ് എന്നിവരെ ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. റിയയുടെ മൊഴികളില്‍ പലതും വാസ്തവ വിരുദ്ധമാണെന്നും മൊഴികളിലെ വൈരുദ്ധ്യവും എന്‍സിബി ചൂണ്ടിക്കാട്ടി. റിയയുടെ വാദങ്ങള്‍ ഓരോന്നായി എന്‍സിബി പൊളിച്ചു കാട്ടി. ഒടുവില്‍ കൊക്കെയ്ന്‍, മോര്‍ഫിന്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ കൈവശം വെച്ചു, പണം വാങ്ങി വിറ്റഴിച്ചു, കൈമാറ്റം ചെയ്തു, ഗൂഢോലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം വരെ ജാമ്യമില്ലാതെ ശിക്ഷ അനുഭവിക്കേണ്ടുന്ന കേസുകളാണിതെന്നാണ് എന്‍സിബി നല്‍കുന്ന സൂചന. റിയ ചക്രവര്‍ത്തിയെ ചൊവ്വാഴ്ച വൈകുന്നേരം തന്നെ കോടതി മുമ്പാകെ ഹാജരാക്കാനാണ് നീക്കം. അതിനു മുമ്പായി മെഡിക്കല്‍ പരിശോധന നടത്തും.
ലഹരി മരുന്ന് കേസില്‍ ഇപ്പോള്‍ പത്തു പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. ഡിജിറ്റല്‍ തെളിവടക്കം കൃത്യമായ വിവരങ്ങള്‍ എന്‍സിബിയുടെ കൈവശമുണ്ടെന്നാണ് സൂചന. റിയ ചക്രവര്‍ത്തിയും മറ്റു പ്രതികളും അംഗങ്ങളായ വാട്ട്‌സ്ആപ് ഗ്രൂപ്പ് ചാറ്റുകളും മുഖ്യ തെളിവുകളാണ്. സുശാന്തിന്റെ മരണത്തിന്റെ കാരണങ്ങളിലേക്ക് ഈ അറസ്റ്റ് മുഖേന നിര്‍ണായക വിവരങ്ങരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. എന്‍സിബി, സിബിഐ, എന്‍ഫോഴ്‌സ്‌മെന്‍റ് എന്നീ മൂന്ന് അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുശാന്തിന്റെ വീട്ടിലേക്ക് ലഹരി മരുന്ന് എത്തിച്ചു എന്ന് കൃത്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റിയ, ഷൊവിക്, സാമുവല്‍, നീരജ് തുടങ്ങിയവരെ ഇത്രയും മണിക്കൂര്‍ ചോദ്യം ചെയ്തത്.
2020 ജൂണ്‍ 14 നാണ് സുശാന്ത് സിംഗ് രജ്പുതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റിയ ചക്രവര്‍ത്തിക്കെതിരേ സുശാന്തിന്റെ സഹോദരി പ്രിയങ്കസിംഗ് ആദ്യം തന്നെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ സുശാന്തിന് പ്രിയങ്ക തെറ്റായ മരുന്ന് നല്‍കി അപകടപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് റിയയും രംഗത്തു വന്നു. ഇക്കാര്യത്തില്‍ പ്രിയങ്ക സിംഗിനെതിരേ സിബിഐ കേസെടുത്തിട്ടുണ്ട്.
ബോളിവുഡില്‍ മാത്രമല്ല, ടോളിവുഡ് സിനിമാ മേഖല മുതല്‍ കൊച്ചിയിലേക്കു വരെ അന്വേഷണം വ്യാപിപ്പിക്കാനാണ് എന്‍സിബിയുടെ നീക്കം.സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു മാഫിയയുടെ അടിവേരറുക്കാനാണ് ശ്രമം. ബംഗളൂരുവിലെ മയക്കുമരുന്നു കേസില്‍ നടി സഞ്ജന ഗല്‍റാണിയും ഇന്ന് അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം പ്രശസ്ത നടി രാഗിണി ദ്വിവേദിയേയും അറസ്റ്റ് ചെയ്തു. മുംബൈയില്‍ കങ്കണ റാവത്തിനെ പ്രതിയാക്കി മഹാരാഷ്ട്ര പോലീസ് കേസെടുത്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്.