സർക്കാരിന്റേയും രാഷ്ട്രീയപാർട്ടികളുടേയും മാത്രം അഭിപ്രായം പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന്

ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ യഥാസമയം നടക്കേണ്ട തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള നീക്കം ഭരണഘടന സംബന്ധിച്ച് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. ബിഹാറിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള അഭിപ്രായം സർക്കാർ ഭാഗത്തുനിന്ന് തന്നെ വന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയിട്ടുണ്ട്. കേരളത്തിൽ രണ്ടു നിയമസഭാ സ്ഥാനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. നവംബറിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുകയും വേണം. കോവിഡ് പശ്ചാത്തലത്തിൽ രണ്ടും മാറ്റി വയ്ക്കുവാനുള്ള ഉള്ള അഭിപ്രായ സമന്വയത്തിന് മുന്നണികൾ ആലോചിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി ആശയവിനിമയം നടത്തും.

എന്നാൽ ഈ നടപടി ഭരണഘടന അട്ടിമറിക്കുന്നതിന് തുല്യമാണ് എന്ന വിമർശനം ഉയരുകയാണ്. കോവിഡിന്റെ സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കാലഹരണപ്പെട്ട സ്ഥാപനങ്ങൾ ഭരണം നടത്തുന്നത് ഗുരുതര സ്ഥിതിവിശേഷമാണ് ഉണ്ടാക്കുക. അഞ്ചുവർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് നടത്തി പുതിയ സമിതികളെ രൂപീകരിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്.

കോവിഡിനേക്കാൾ രാഷ്ട്രീയ സാഹചര്യങ്ങളാണ് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുവാൻ ഭരിക്കുന്നവരെയും പാർട്ടികളേയും പ്രേരിപ്പിക്കുന്നത് എന്നതാണ് വസ്തുത. ഇത്തരം പ്രേരണയുടെ പേരിൽ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് തുല്യമായിരിക്കും. രാഷ്ട്രീയ പാർട്ടികളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരം തീരുമാനങ്ങൾ എടുക്കുവാനും കഴിയില്ല. സുഗമമായി തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനും ജനാധിപത്യപരമായി അത് പൂർത്തീകരിക്കുന്നതിനും രാഷ്ട്രീയപാർട്ടികളുടെ പിന്തുണയും അഭിപ്രായവും സ്വീകരിക്കുക മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടത്. അതിനുപകരം തെരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെട്ട ഭരണഘടന സ്ഥാപനം തന്നെ പാർട്ടികളുടെ ഇഷ്ടത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് വേണ്ടെന്ന് വെക്കുന്നത് ഗുരുതര സാഹചര്യമാണ്.

ഇതിനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് ഇല്ല. തെരഞ്ഞെടുപ്പ് നടത്താനല്ലാതെ തെരഞ്ഞെടുപ്പ് വേണ്ടെന്നു വെക്കാനുള്ള അധികാരമില്ല.

തെരഞ്ഞെടുപ്പ് വേണ്ട എന്ന് രാഷ്ട്രീയപാർട്ടികൾക്കോ സർക്കാരിനോ അഭിപ്രായമുണ്ടെങ്കിലും അത് സ്വീകരിക്കാൻ കഴിയുന്നതല്ല. കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാ ബാധ്യതയാണ്. ഒരു പകർച്ചവ്യാധിയുടെ സാഹചര്യം ഉണ്ട് എന്നതുകൊണ്ട് ഭരണഘടന വേണ്ട എന്ന് വെക്കുവാൻ കഴിയുകയില്ല. കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി തെരഞ്ഞെടുപ്പ് നടത്തുക എന്നതു മാത്രമാണ് പരിഹാരം.

വിചിത്രമായ കാര്യം ഭരണഘടനയെയും ജനാധിപത്യത്തെയും കുറിച്ച് വാചാലമാകുന്ന രാഷ്ട്രീയപാർട്ടികൾക്ക് തന്നെ തിരഞ്ഞെടുപ്പ് വേണമെന്നില്ല എന്നതാണ്. കാലാകാലങ്ങളിലുള്ള തെരഞ്ഞെടുപ്പ് ജനങ്ങളുടെ അവകാശമാണ്. അതിൽ മുഴുകുമ്പോൾ മാത്രമേ സർക്കാരിന്റെയും രാഷ്ട്രീയപാർട്ടികളുടേയും അഭിപ്രായത്തിന് പ്രസക്തിയുള്ളു. ഇല്ലാതാക്കുവാൻ ശ്രമിക്കുമ്പോൾ അവരുടെ അഭിപ്രായങ്ങൾ പരിഗണിക്കേണ്ടതില്ല എന്നാണ് ഭരണഘടന വിദഗ്ധർ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →