ഇടുക്കി ജില്ലയിലെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; പുതിയ ബഹുനില കെട്ടിടം ബുധനാഴ്ച്ച (09-09-2020) ന് ഉദ്ഘാടനം ചെയ്യും

ഇടുക്കി: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപാ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തൊടുപുഴ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബഹുനില കെട്ടിടം ബുധനാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം.എം.മണി, കെ.കെ.ശൈലജ ടീച്ചര്‍, ടി.പി.രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.കെ.ശശീന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., പി.ജെ.ജോസഫ് എം.എല്‍.എ., ജില്ലാ കളക്ടറും പൊതുവിദ്യാഭ്യാസ സംരക്ഷണ കര്‍മ്മയജ്ഞ സമിതി ചെയര്‍മാനുമായ എച്ച്.ദിനേശന്‍, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സിസിലി ജോസ് എന്നിവര്‍ സംസാരിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ കര്‍മ്മയജ്ഞ സമിതി ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ കെ.എ.ബിനുമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

നൂറ്റാണ്ടിനിടെ നടക്കുന്ന വലിയ വികസനം

1911 ല്‍ പ്രൈമറി സ്‌കൂളായിട്ട് ഒരു വാടകക്കെട്ടിടത്തിലാണ് ഈ അക്ഷര മുത്തശ്ശിയുടെ പ്രവര്‍ത്തന ആരംഭമെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് തിരുവിതാംകൂര്‍ ദിവാന്‍ തൊടുപുഴയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കവെ സ്‌കൂളിന്റെ ദയനീയത വിദ്യാര്‍ഥികളില്‍ നിന്നും മനസിലാക്കാനിടയായതായും ഇതില്‍ മനസലിഞ്ഞ ദിവാന്റെ അഭ്യര്‍ഥന പ്രകാരം  എം.എല്‍.സി. യായിരുന്ന റ്റി.കെ. ശങ്കര അയ്യര്‍ ഭൂമി ദാനമായി നല്‍കുകയായിരുന്നുവെന്നും രേഖകളില്‍ പറയുന്നു. 1974 വരെ പ്രൈമറി സ്‌കൂളായി പ്രവര്‍ത്തിച്ച ഇവിടെ നാലാം ക്ലാസ് വരെ മിക്സഡ് ആയും യു.പി. വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ മാത്രവുമാണ് പഠിച്ചിരുന്നത്. 1974 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തുകയും ബോയ്സ് സ്‌കൂള്‍ വിഭജിച്ച് പെണ്‍കുട്ടികളെ ഇവിടെ ചേര്‍ക്കുകയും ചെയ്തു. ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തിയിരുന്ന ഇവിടെ 1985 ലെ എസ്.എസ്.എല്‍.സി. പരീക്ഷക്ക് സ്‌കൂളിലെ പി.ശാന്തി എന്ന കുട്ടിക്ക് മൂന്നാം റാങ്കും, സുസ്മിത എന്ന കുട്ടിക്ക് അഞ്ചാം റാങ്കും കിട്ടിയത് റിട്ട.അദ്ധ്യാപകന്‍ എന്‍.പി. പ്രഭാകരന്‍ നായര്‍ ഓര്‍ത്തെടുത്തു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ വ്യാപകമായി ഹയര്‍ സെക്കണ്ടറി ആരംഭിച്ച 1997-98 വര്‍ഷം നാല് ബാച്ചുകളോടെ തൊടുപുഴ ഗേള്‍സ് സ്‌കൂളിലും ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2003 മാര്‍ച്ച് മാസത്തില്‍ നടന്ന ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ സംസ്ഥാനത്തെ ഒന്നാം റാങ്കുകള്‍ ഈ സ്‌കൂളിലെ വീണ.കെ.ബി., അശ്വതി.പി.ആര്‍., എന്നീ കുട്ടികള്‍ക്കാണ് ലഭിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ വിഷയങ്ങള്‍ക്കാവശ്യമായ ലാബുകള്‍, ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം സ്‌കൂളിലെ അദ്ധ്യാപക – രക്ഷാകര്‍ത്തൃ സമിതിയുടെ നേതൃത്വത്തില്‍ തുടക്കം മുതലേ സജ്ജമാക്കിയിരുന്നു. ഹയര്‍ സെക്കണ്ടറിക്ക് യോജിച്ചതായിരുന്നില്ലെങ്കിലും അന്ന് ലഭ്യമായ ക്ലാസ് മുറികളിലായിരുന്നു അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയത്. 2011 ല്‍ കൊമേഴ്സ് ഗ്രൂപ്പില്‍ രണ്ടാമതൊരു ബാച്ച് കൂടി ആരംഭിച്ചതോടെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അഞ്ച് ബാച്ചുകള്‍ ഇവിടെ ഉണ്ട്. ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കണ്ടറി തലത്തിലും നിരവധി റാങ്കുകള്‍ നേടിയതോടൊപ്പം ഒട്ടനവധി പ്രമുഖരായവര്‍ ഈ സ്‌കൂളില്‍ നിന്നും പഠിച്ചിറിങ്ങിയിട്ടുണ്ട്. തൊടുപുഴയുടെ വിദ്യാഭ്യാസ, സാമൂഹിക, സാസ്‌കാരിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയ എ.പി.ജെ. അബ്ദുള്‍ കലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ ഏറ്റവും വലിയ വികസന പ്രവര്‍ത്തനമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നതെന്ന് അധ്യാപകരും രക്ഷിതാക്കളും ഒരേപോലെ പറയുന്നു.

പൂര്‍ത്തിയായത് ആധുനിക ഹൈടെക് സ്‌കൂള്‍

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപാ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബഹുനില കെട്ടിടത്തില്‍ ആധുനിക ഹൈടെക് സൗകര്യങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് നില കെട്ടിടത്തില്‍ രണ്ട് നില ഹൈസ്‌കൂളിനായും ഒരു നില ഹയര്‍ സെക്കണ്ടറിക്കായുമാണ് നിര്‍മിച്ചിരിക്കുന്നത്. 24 ഹൈടെക്ക് ക്ലാസ് മുറികള്‍ മൂന്ന് നിലകളിയായി സജ്ജമാക്കിയിട്ടുണ്ട്. എല്ലാ മുറികള്‍ക്കും ഗ്ലാസ് ഘടിപ്പിച്ച മൂന്ന് ജനാലകള്‍ വീതവും ഒരു വാതില്‍ വീതവുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതുകൂടാതെ മുറികളിലെല്ലാം ഫാനും ലൈറ്റും ഘടിപ്പിച്ചതോടൊപ്പം വരാന്തയിലും ലൈറ്റ് ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം താഴെ നിലയിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ആറെണ്ണം വീതം ശുചി മുറികളുമുണ്ട്. ഇവിടെ ഷവര്‍, വാഷ്ബേസിന്‍, യൂറോപ്യന്‍ ക്ലോസറ്റ് തുടങ്ങിയുള്ള സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ അംഗവൈകല്യമുള്ളവര്‍ക്കും ശാരീരികാവശതയുള്ളവര്‍ക്കുമായി പ്രത്യേകം ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. ഇവിടെ പ്രത്യേക ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റെയര്‍കേസ് വഴിയാണ് എല്ലാ നിലകളിലേക്കും എത്താനാവുക. എല്ലാ നിലകളും പ്രത്യേകം ഗ്രില്‍ വച്ച് തിരിച്ച് സുരക്ഷാ സംവീധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അംഗവൈകല്യമുള്ളവര്‍ക്കും വീല്‍ചെയറിലെത്തുന്നവര്‍ക്കും വാഹനത്തില്‍ നിന്നും സ്റ്റെയര്‍കേസ് കയറാതെ നേരെ ക്ലാസ് മുറികളിലേക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. അപടങ്ങളോ ശാരീരിക അവശതകളോ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിശ്രമിക്കുന്നതിനായും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തിലും എല്ലാ നിലകളിലും പ്രത്യേകം മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഏറ്റവും താഴെ നിലയിലാണ് ഓഫീസ് റൂം, പ്രധാന അദ്ധ്യാപകര്‍ക്കായുള്ള മുറി എന്നിവ. ഇതുകൂടാതെ എല്ലാ നിലകളിലും ഓരോ മുറികള്‍ അദ്ധ്യാപകര്‍ക്കു അനസ്യാപകര്‍ക്കുമായുണ്ടാവും. ഇവയെല്ലാം ബാത്ത് റൂം അറ്റാച്ച്ഡ് മുറികളാണ്. സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍.എസ്.എസ്. എന്നിവക്കായും പ്രത്യേകം സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ട്.

ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 10 ബാച്ചുകളിലായി 600 വിദ്യാര്‍ത്ഥികളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 159 കുട്ടികളുമാണിവിടെ പഠിക്കുന്നത്. ഇത് കൂടാതെ ഒന്നും രണ്ടും ക്ലാസുകളില്‍ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങള്‍ ഈ വര്‍ഷം മുതല്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 24 അദ്ധ്യാപകരും രണ്ട് നോണ്‍ ടീച്ചിങ് സ്റ്റാഫും ഉള്‍പ്പെടെ 26 പേരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 12 അദ്ധ്യാപകരും നാല് നോണ്‍ ടീച്ചിങ് സ്റ്റാഫും ഉള്‍പ്പെടെ 16 പേരും ഇവിടെ ജോലി ചെയ്യുന്നു. മികച്ച വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്നതിനാല്‍ എസ്.എല്‍.സി., ഹയര്‍ സെക്കണ്ടറി  പരീക്ഷകളില്‍ ഉയര്‍ന്ന വിജയമാണിവിടെ ലഭിക്കുന്നത്. എസ്.എസ്.എല്‍.സി. ക്ക് നൂറ് ശതമാനം വിജയമാണുള്ളത്. ഇതിനായി രക്ഷാ കര്‍ത്തൃ സമിതിയുടെ സഹകരണത്തോടെ പ്രത്യേക പാഠ്യ ക്രമമാണിവിടെ നടപ്പാക്കുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇപ്രാവശ്യം 23 ഫുള്‍ എ പ്ലസോടെ 96.5 ശതമാനം വിജയമാണ് സ്‌കൂള്‍ കൈവരിച്ചത്. സ്‌കൂളിലെ ഉച്ച ഭക്ഷണ വിതരണം മുതല്‍ സ്‌കൂള്‍ യൂണിഫോം, പുസ്തക വിതരണം എന്നിവയിലുള്‍പ്പെടെ എല്ലാ കാര്യത്തിലും പി.ടി.എ. യുടെ സജീവ മേല്‍നോട്ടമുണ്ട്. സാമ്പത്തിക പരാധീനതകളുള്ള കുട്ടികള്‍ക്കായി പ്രത്യേകം യാത്രാ സൗകര്യങ്ങളും അദ്ധ്യാപകരുടെ സഹായത്തോടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിലേക്ക് ശുദ്ധ ജലത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി 50,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയുണ്ടിവിടെ. ഇത് കൂടാതെ കുഴല്‍ കിണറും വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനുമുണ്ട്. ഇതിലുപരി 109 വര്‍ഷം പഴക്കമുള്ള പഴയ പഞ്ചായത്ത് കിണറും സ്‌കൂള്‍ കോമ്പൗണ്ടിലുണ്ട്.

ഇത്രയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് കിട്ടിയ അംഗീകാരമായിട്ടാണ് സ്‌കൂളിലെ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പുതിയ ആധുനിക ബഹുനില മന്ദിരത്തെ കാണുന്നത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7683/Dr.-APJ-Abdul-Kalam-Govt.-Higher-Secondary-School.html

Share
അഭിപ്രായം എഴുതാം