ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിൻ്റെ ജീവൻ രക്ഷിച്ചത് ഫെയ്സ്ബുക്ക്

കൊൽക്കട്ട: ഫെയ്സ്ബുക്കിൽ വീഡിയോ സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിക്കാനെത്തിയതും ഫെയ്സ്ബുക്ക്.

കഴിഞ്ഞദിവസം പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ഭീംപൂർ ഗ്രാമത്തിലായിരുന്നു സംഭവം. പുലർച്ചെ 1.30 ഓടെയാണ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന ഒരു യുവാവിൻ്റെ വീഡിയോ സ്റ്റാറ്റസ് ഫേസ്ബുക്കിൻ്റെ ശ്രദ്ധയിൽ പതിഞ്ഞത്. ഉടൻ അവർ കൽക്കട്ട പോലീസിനെ സൈബർ സെല്ലുമായി ബന്ധപ്പെട്ടു. സൈബർ സെല്ലിൽ നിന്നും നാദിയ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് വിവരം പറന്നെത്തി. പൊലീസ് യുവാവിൻറെ വീടിൻ്റെ ലൊക്കേഷനും പിതാവിൻറെ ഫോൺനമ്പറും ഉടൻ കണ്ടെത്തി. പോലീസ് വിവരമറിയിച്ചയുടൻ പിതാവ് മുറിയിൽ ഓടിയെത്തി യുവാവിനെ രക്ഷിച്ചു. അപ്പോഴേക്കും ഭീംപൂർ പോലീസ് സ്റ്റേഷനിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും അവിടെ എത്തിയിരുന്നു. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ച യുവാവ് ഇന്നലെ ഉച്ചയോടെ സുഖം പ്രാപിച്ച് പുറത്തിറങ്ങി. വിഷാദരോഗം ബാധിച്ച ഇയാൾ ഇതിനുമുൻപും ആത്മഹത്യാ ശ്രമം നടത്തിയിരുന്നു എന്ന് പോലീസ് പറഞ്ഞു.

എന്തുതന്നെയായാലും ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ മുഴുവൻ സമയവും അധികൃതരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് എന്നതിലേക്ക് കൂടി വിരൽചൂണ്ടുന്നതായിരുന്നു ഈ സംഭവം .

Share
അഭിപ്രായം എഴുതാം