വീട്ടുടമ ഭർത്താവിൻ്റെ മരണശേഷം വിവരങ്ങൾ അറിയാൻ പോലും വിളിച്ചില്ലെന്ന് ആത്മഹത്യ ചെയ്ത അനീഷിൻ്റെ ഭാര്യ

കൊച്ചി: വാടക ചോദിച്ച് നിരന്തരം വിളിക്കുമായിരുന്ന വീട്ടുടമ ഭർത്താവിൻ്റെ മരണശേഷം വിവരങ്ങൾ അറിയാൻ പോലും വിളിച്ചില്ലെന്ന് ആത്മഹത്യ ചെയ്ത അനീഷിൻ്റെ ഭാര്യ സൗമ്യ .ലോക് ഡൗൺ കാലത്ത് വാടക കൊടുക്കാൻ കഴിയാതെ വന്നപ്പോൾ വീട്ടുടമസ്ഥന്റെ ശല്യപ്പെടുത്തൽ മൂലമാണ് തൻ്റെ ഭർത്താവ് അനീഷിന് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും സൗമ്യ പറയുന്നു.

വീട്ടുടമയ്ക്ക് സാധാരണക്കാരായ വാടകക്കാരോട് താത്പര്യമുണ്ടായിരുന്നില്ല. അതിനാൽ വീടൊഴിയാൻ ആവശ്യപ്പെട്ട് നിരന്തം സമ്മർദ്ദം ചെലുത്തി. തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു അനീഷ് . മരണപ്പെട്ടിട്ടും മനുഷ്യത്വത്തിൻ്റെ പേരിലെങ്കിലും വീട്ടുടമസ്ഥൻ തിരിഞ്ഞു നോക്കിയില്ലെന്ന് സൗമ്യ പറഞ്ഞു.

വീട്ടു വാടക നൽകാൻ കഴിയാത്തതിനെ തുടർന്നാണ് 3-9-2020 ൽ കൊച്ചി തോപ്പുംപ്പടി സ്വദേശി അനീഷ് അത്മഹത്യ ചെയ്തത്. അതേ തുടർന്ന് തോപ്പുംപടി പൊലീസിൽ സൗമ്യ പരാതി നൽകിയിരുന്നു. വീട്ടുടമ ശങ്കരൻകുട്ടിയ്ക്കെതിരെ യാണ് പരാതി നൽകിയത്.

ഭർത്താവിൻ്റെ മരണത്തിനു ശേഷം രണ്ട് കുഞ്ഞുങ്ങളും അമ്മയും തൻ്റെ ചുമതലയിലാണ്. എങ്ങനെ ജീവിക്കുമെന്നറിയില്ല. മുന്നോട്ടു പോകണമെങ്കിൽ ജോലി വേണം. സർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൗമ്യ പറയുന്നു. മന:സാക്ഷിയുള്ള ആരാണെങ്കിലും പേരിനെങ്കിലും ഒന്നു കയറി വന്നേനെ. പക്ഷേ വീട്ടുടമ അതിന് തയാറായില്ല.

ആ ദിവസത്തെ കുറിച്ച് സൗമ്യ ഓർക്കുന്നു:

അന്ന് പുറത്ത് പോയ ചേട്ടൻ ദേഷ്യപ്പെട്ടാണ് തിരിച്ചു വന്നത്. അതിന് തൊട്ടു മുമ്പ് വീട്ടുടമ വിളിച്ചിരുന്നു എന്നറിഞ്ഞു. സഹിക്കാനാവാത്ത കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു. ഫോൺ വലിച്ചെറിഞ്ഞ് ഒരു കസേരയുമെടുത്ത് മുറിയിൽ കയറുന്നത് കണ്ടു. ഇടയ്ക്ക് ഇറങ്ങി വന്ന് മോന് ഒരുമ്മ നൽകിയതിന് ശേഷം വീണ്ടും വാതിൽ അടച്ചു. നിലവിളിച്ച് സുഹൃത്തുക്കളെയും അയൽക്കാരെയും വരുത്തി. പരിശോധിച്ചപ്പോൾ ജനാലയിലൂടെ കണ്ടത് തൂങ്ങി നിൽക്കുന്ന കാഴ്ചയാണ്. വാതിൽ തുറന്ന് അകത്തു കയറി. ഉടനെ ആശുപത്രിയിൽ എത്തിച്ചു എന്നിട്ടും രക്ഷിക്കാനായില്ല എന്ന് സൗമ്യ പറയുന്നു.

ഒൻപതിനായിരം രൂപയായിരുന്നു വീട്ടുവാടക. മൂന്ന് മാസത്തെ തവണയാണ് മുടങ്ങിയത്. അഡ്വാൻസായി നൽകിയ 25000 ൽ നിന്ന് വാടക പിടിക്കണമെന്ന് ചേട്ടൻ വീട്ടുടമയോട് അഭ്യർത്ഥിച്ചിരുന്നു. ബാക്കി ഉടൻ നൽകാമെന്നും പറഞ്ഞിരുന്നു. ഓണം കഴിഞ്ഞ് വീട് ഒഴിഞ്ഞു നൽകാമെന്നും അറിയിച്ചു. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ അയാൾ തൻ്റെ ഭർത്താവിനെ ആക്ഷേപിക്കുകയായിരുന്നു.

ഓഗസ്റ്റ് പതിനെട്ടിന് വീട്ടുടമ ഒരു മെസേജ് അയച്ചിരുന്നു. ‘അവധി പറയുന്നതിന് ഒരു പരിധിയുണ്ട്. ഇത് ആളെ കളിയാക്കുന്നത് പോലെയുണ്ട്. വീട് ഉടൻ ഒഴിയണം. ബുദ്ധിമുട്ട് ഉണ്ടാക്കാതിരുന്നാൽ നല്ലത്’ എന്നായിരുന്നു ആ മെസേജ്. അതുകൂടി കണ്ടതോടെ അനീഷ് വിഷമത്തിലായിരുന്നു.

ലോക്ക് ഡൗണിനെ തുടർന്ന് പണി കുറവായിരുന്നു. വീട്ടു വാടകയും ഓട്ടോ വാടകയും ചെലവും എല്ലാം കൂടി താങ്ങാൻ കഴിയാതെയായി. ഇതേക്കുറിച്ച് ചേട്ടൻ എപ്പോഴും പറയുമായിരുന്നു. ഈ സാഹചര്യത്തിലാണ് വീട്ടുടമ തുടർച്ചയായി അധിക്ഷേപിച്ചത്. എന്തെങ്കിലും ഒരു ജോലി കിട്ടാതെ ജീവിക്കാനാവില്ല. അതു കൊണ്ടാണ് സർക്കാർ സഹായം പ്രതീക്ഷിക്കുന്നത് എന്നും സൗമ്യ പറയുന്നു.

Share
അഭിപ്രായം എഴുതാം