ശ്രീനഗർ: ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം വടക്കൻ കാശ്മീരിൽ തങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ ഭീകരവാദ സംഘടനയായ ഹിസ്ബുൽ മുജാഹിദീൻ ശ്രമം തുടങ്ങിയിരിക്കുകയാണെന്ന് സൈന്യം.
കഴിഞ്ഞ ദിവസം ബാരാമുള്ളയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഹിസ്ബുൾ ഭീകരരെ സുരക്ഷാ സൈനികർ ശ്രദ്ധിച്ചിരുന്നു.
ഇവരിൽ നിന്ന് രണ്ട് എ.കെ 47 തോക്കുകളും 4 മാഗസിനുകളും ഒരു പിസ്റ്റളും 2 പിസ്റ്റൾ മാഗസിനുകളും കണ്ടെടുക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം 12 പേരുള്ള ഒരു വീട്ടിൽ ഒളിച്ചു താമസിച്ച ഭീകരരെ ഏറ്റുമുട്ടലിലൂടെയാണ് സൈന്യം വധിച്ചത്. ഒരു ആർമി മേജറിനും ജമ്മുകാശ്മീർ പോലീസിലെ 2 സ്പെഷ്യൽ ഓഫീസർമാർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നു.
വാർത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹിസ്ബുൽ മുജാഹിദീൻ പ്രവർത്തനങ്ങൾ വടക്കൻ കാശ്മീരിൽ ദീർഘനാളായി ഉണ്ടായിരുന്നില്ല. വീണ്ടും അവിടെ പ്രവർത്തനം സജീവമാക്കാൻ ആണ് അവർ ഉദ്ദേശിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. ആർമി ബ്രിഗേഡിയർ എം കെ മിശ്രയും വടക്കൻ കാശ്മീരിലെ പൊലീസ് മേധാവി മുഹമ്മദ് സുലൈമാനും സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരാൻ തയ്യാറുള്ള ആരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു, മറിച്ചാണെങ്കിൽ ശക്തമായി നേരിടുമെന്നും സൈന്യം മുന്നറിയിപ്പുനൽകി.