കണ്ണൂർ : തലശ്ശേരി സബ് ഡിവിഷന്‍ സബ് കലക്ടറായി അനുകുമാരി ചുമതലയേറ്റു. ഹരിയാനയിലെ സോനിപത്ത് സ്വദേശിനിയാണ് .2018ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രണ്ടാംറാങ്കുകാരിയാണ് ഇവര്‍. ഒമ്പത് വര്‍ഷത്തോളം സ്വകാര്യ മേഖലയില്‍ ജോലിചെയ്ത ശേഷമാണ് അനുകുമാരി സിവില്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. ഒരു വര്‍ഷം തിരുവനന്തപുരത്ത് അസിസ്റ്റന്റ് കലക്ടര്‍ ആയിരുന്നു
സോനിപത്തില്‍ നിന്ന് തലശ്ശേരിയിലേക്ക് ഒരു സ്വപ്ന യാത്ര
ഹരിയാനയിലെ സോനിപത്തും നമ്മുടെ തലശ്ശേരിയും തമ്മിലെത്ര ദൂരമുണ്ട്? ഹരിയാന സ്വദേശിനി അനുകുമാരിക്ക് ഇത് തന്റെ സ്വപ്നത്തിലേക്കുള്ള ദൂരമാണ്. തലശേരി സബ്്കലക്ടറായി തിങ്കളാഴ്ച ചുമതലയേറ്റ അനുകുമാരിയുടെ സ്വപ്‌ന സമാനമായ ഈ യാത്ര അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥ കൂടിയാണ്.
ഒരു കാര്യത്തെ നാം കൂടുതലായി ആഗ്രഹിച്ചാല്‍ അത് സഫലീകരിക്കാന്‍ ഈ ലോകം മുഴുവന്‍ നമ്മോട് കൂടെ നില്‍ക്കും എന്നത് ജീവിതം കൊണ്ട് തെളിയിക്കുകയാണ് അവര്‍.
സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ പഠനത്തിലെ മികവ് തിരിച്ചറിഞ്ഞ അധ്യാപകര്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിന് അനുകുമാരിയില്‍ വിത്ത് പാകി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡല്‍ഹി ഹിന്ദു കോളേജില്‍ ബി എസ് സി ഫിസിക്‌സും നാഗ്പൂരില്‍ എംബിഎ യും പൂര്‍ത്തിയാക്കി. സ്വകാര്യ കമ്പനിയിലെ ജോലിക്ക് കയറിയെങ്കിലും ഭൂരിഭാഗം പെണ്‍കുട്ടികളെയും പോലെ വിവാഹത്തിലേക്കും കുടുംബ ജീവിതത്തിലേക്കും ശ്രദ്ധ തിരിക്കാന്‍ അനുവും നിര്‍ബന്ധിതയായി. സ്വപ്നങ്ങള്‍ക്ക് ചെറിയ ഒരു ഇടവേള നല്‍കിയെങ്കിലും കുട്ടിക്കാലം മുതല്‍ക്കെ താന്‍ മനസില്‍ കൊണ്ടു നടന്ന സിവില്‍ സര്‍വ്വീസ് മോഹം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല.
അച്ഛന്‍ ബല്‍ജിത് സിംഗും അമ്മ സന്തരോദേവിയും എല്ലാറ്റിനു കൂട്ടായി കൂടെ നിന്നു. ബിസിനസ്സുകാരനായ ഭര്‍ത്താവ് വരുണ്‍ദഹിയയും അദ്ദേഹത്തിന്റെ കുടുംബവും അനുവിന് സമ്പൂര്‍ണ്ണ പിന്തുണ നല്‍കി.
മകന്‍ വിയാന് രണ്ടര വയസ്സായപ്പോള്‍ കുഞ്ഞിനെ തന്റെ അമ്മയെ ഏല്‍പ്പിച്ച്, ഉണ്ടായിരുന്ന ഉയര്‍ന്ന ജോലി ഉപേക്ഷിച്ച് പഠനം പുനരാരംഭിച്ചു. വര്‍ഷങ്ങള്‍ നല്‍കിയ ഇടവേള പഠനത്തെ ബാധിക്കുമോ എന്ന ആശങ്കയൊക്കെയും ഇവരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വഴിമാറി. ഒപ്പം, കുടുംബത്തിന്റെ പിന്തുണയും കൂടുതല്‍ കരുത്തായി. ആദ്യശ്രമത്തില്‍ ഒരുമാര്‍ക്കിനു അവസരം നഷ്ടമായപ്പോള്‍, ഉള്ള ജോലി ഉപേക്ഷിച്ചതില്‍ ആശങ്കയുണ്ടായിരുന്നു. പിന്മാറരുതെന്ന് പറഞ്ഞ് സഹോദരനും അമ്മാവനും നല്‍കിയ പിന്തുണയാണ് രണ്ടാം വട്ടം ശ്രമിക്കാന്‍ കാരണമായതെന്ന് അനു പറയുന്നു. 2018ലെ ആ അവസരത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് എന്ന സ്വപ്നത്തിലേക്ക് അവര്‍ നടന്നു കയറി.
ഈ സ്വപ്ന യാത്രയില്‍ അതിജീവിച്ച വെല്ലുവിളികളാണ് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നത്. അതില്‍ ഏറ്റവും വലുത് മാറ്റി നിര്‍ത്തപ്പെട്ട കുഞ്ഞിന്റെ ബാല്യം തന്നെയാണ്. സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യത്തിലേക്ക് വീണ്ടും പ്രയാണമാരംഭിച്ചപ്പോള്‍ തന്റെ മുന്നില്‍ തെളിഞ്ഞ ഒരു പാട് പക്ഷെകള്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഐ എ എസ് എന്ന മുന്നക്ഷരം. ജീവിത വഴിയിലെ അതിജീവന പാഠങ്ങള്‍ തന്റെ കര്‍മ്മവഴിയിലും കരുത്താകും എന്ന് തന്നെയാണ് അനുകുമാരി ഉറച്ച് വിശ്വസിക്കുന്നതും. ഈ ആത്മവിശ്വാസം ഇനിയങ്ങോട്ട് കണ്ണൂരിന്റെ ഭരണ സിരാ കേന്ദ്രങ്ങള്‍ക്കും കരുത്താകും