കരിപ്പൂർ : സ്വർണക്കടത്ത് കേസിൽ രണ്ട് താൽക്കാലിക ജീവനക്കാരെ റവന്യൂ ഇന്‍വെസ്റ്റിഗേറ്റീവ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കള്ളക്കടത്ത് സ്വർണ്ണം വിമാനത്താവളത്തിൽ നിന്നും പുറത്ത് എത്തിക്കുവാൻ സഹായിച്ചു എന്നതാണ് ഇവരുടെ മുകളിലുള്ള ആരോപണം.
സ്വർണ്ണം കടത്തി കൊണ്ടു പോയ കാറിനെ പിന്തുടർന്നിരുന്ന പോലീസുകാരെ ഇടിച്ചുവീഴ്ത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു കള്ളക്കടത്തു സംഘം. കരിപ്പുർ വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങിയ വാഹനം പരിശോധിക്കാനായി ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയിരുന്നു. സ്വർണ്ണം കടത്തുന്നു എന്ന വിവരം കിട്ടിയതിൻറെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ബുള്ളറ്റും, ഇന്നോവ കാറുമായി സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിൻറെ വാഹനത്തെ പിന്തുടരുകയായിരുന്നു. സംഘത്തെ മറികടന്ന് ഉദ്യോഗസ്ഥർ ബുള്ളറ്റ് കുറുകെ വെച്ചു . ഐഡി കാർഡ് ചോദിക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് ഇന്നോവ കാർ മുന്നോട്ടുനീങ്ങുകയായിരുന്നു. രക്ഷപ്പെടുന്നതിനിടയിൽ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് നിന്ന കാറിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. വണ്ടി ഓടിച്ചിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. അടിവസ്ത്രം മാത്രം ധരിച്ച് ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കൊടുവള്ളി സ്വദേശി നിസാർ ആണ് അറസ്റ്റിലായത് . വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
അപകടസ്ഥലത്ത് വലിച്ചെറിഞ്ഞു നാല് കിലോ വരുന്ന സ്വർണം മിശ്രിതം കണ്ടെടുത്തിട്ടുണ്ട്. ഊർങ്ങാട്ടിരി പനംബ്ലാവ് സ്വദേശി ഷീബയുടെ ഉടമസ്ഥതയിലുള്ള കാറിലാണ് സ്വർണം കടത്തിയത്.

