കരിപ്പൂർ വിമാനാപകത്തിൽ മരിച്ച കോ പൈലറ്റിന് ആൺകുഞ്ഞ് ജനിച്ചു.

മഥുര: കരിപ്പൂരിൽ വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന് ആൺകുഞ്ഞ് പിറന്നു. 05-09-2020, ശനിയാഴ്ചയാണ് അഖിലേഷിന്റെ ഭാര്യ മേഘയെ മഥുരയിലെ നയാതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 06-09-2020, ഞായറാഴ്ച വൈകിട്ടോടെ അവർ ഒരു ആൺകുഞ്ഞ് ജന്മം നൽകിയതായി ആശുപത്രി അധികൃതർ പറഞ്ഞു.

2.75 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവാനാണ്. മേഘയെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗർഭാവസ്ഥയിലിരിക്കേ അഖിലേഷിന്റെ മരണവാർത്ത കേട്ടത് മേഘയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചിരുന്നു. അവർ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് -19 ചട്ടങ്ങൾ പ്രകാരമാണ് അമ്മയെയും കുഞ്ഞിനെയും പരിപാലിക്കുന്നതെന്നും അവർ പറഞ്ഞു.

കരിപ്പൂർ വിമാനാപകടം നടന്ന് ഒരുമാസം തികയുകയാണ് ഈ തിങ്കളാഴ്ച. ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രിയായിരുന്നു കരിപ്പൂരിൽ ലാൻഡ് ചെയ്ത ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് താഴ്ചയിലേക്ക് വീണ് അപകടത്തിൽപെട്ടത്. വിമാനത്തിന്റെ പൈലറ്റ് ദിപക് സാഥെയും സഹപൈലറ്റ് അഖിലേഷ് കുമാറും അടക്കം 21 പേരാണ് അപകടത്തിൽപെട്ടത്.

അഖിലേഷ് കുമാറിന്റെ ജന്മനാടാണ് ഉത്തർപ്രദേശിലെ മഥുര. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയതും മഥുരയിലായിരുന്നു. സംസ്കാരത്തിനു കുറച്ചു മുൻപ് മാത്രമാണ് അഖിലേഷിന്റെ ഭാര്യ മേഘയെ മരണവാർത്ത അറിയിച്ചത്. പൂർണഗർഭിണിയായ മേഘയുടെ ആരോഗ്യസ്ഥിതിയോർത്ത് കുടുംബാംഗങ്ങൾ അഖിലേഷിന്റെ വിയോഗവാർത്ത മേഘയെ ആദ്യം അറിയിച്ചിരുന്നില്ല.

രണ്ടുവർഷം മുൻപായിരുന്നു അഖിലേഷും മേഘയും തമ്മിലുള്ള വിവാഹം. കോഴിക്കോട് എയർ ഇന്ത്യ ബേസിലായിരുന്നു അഖിലേഷും മേഘയും താമസിച്ചിരുന്നത്. എന്നാൽ പ്രസവം അടുത്തതോടെ കഴിഞ്ഞ ജൂണിലാണ് മേഘ അഖിലേഷിന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആഗസ്ത് 21 മുതൽ പതിനഞ്ചു ദിവസത്തേക്ക് ലീവിൽ പ്രവേശിക്കാൻ ഒരുങ്ങുകയായിരുന്നു അഖിലേഷ്.

ഗള്‍ഫിലെ പ്രവാസികളുമായി കോഴിക്കോട്ടേയ്ക്ക് എത്തിയ ആദ്യ വന്ദേ ഭാരത്‌ ദൗത്യവിമാനത്തിന്റെ സഹവൈമാനികൻ കൂടിയായിരുന്നു അഖിലേഷ് കുമാർ. വിമാനത്താവളത്തില്‍ നിന്നും പുറത്ത് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ക്രൂവിനെ അന്ന് കൈയ്യടികളോടെയാണ് കരിപ്പൂര്‍ സ്വീകരിച്ചത്.

10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാരുമായാണ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഓഗസ്റ്റ് ഏഴിന് രാത്രി ദുബായില്‍നിന്ന് എത്തിയത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനം അരമണിക്കൂറിലേറെ വൈകിയാണ് കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്. കനത്ത മഴ പെയ്യുന്നതിനാല്‍ രണ്ടാം ശ്രമത്തിലാണ് ക്യാപ്റ്റന്‍ ഡിവി സാഥെയ്ക്കു ലാന്‍ഡിങിന് കഴിഞ്ഞത്. ഏഴരയോടെയായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെ പറയുന്നര്‍ന്ന് വലംവച്ച വിമാനം 7.50 ഓടെ ലാന്‍ഡ് ചെയ്യുകയായിരുന്നു. പൈലറ്റും കോ പൈലറ്റും അടക്കം 18 പേർ അപകടത്തിന് പിറകേയും രണ്ടു പേർ ഏതാനും ദിവസത്തിനു ശേഷവുമായിരുന്നു മരണപ്പെട്ടത്.

Share
അഭിപ്രായം എഴുതാം