എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അന്തരിച്ചു. ഓർമയായത് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നിർണായക വ്യക്തിത്വം

കാസര്‍കോട്: എടനീര്‍ മഠാധിപതിയും ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നിർണായക വ്യക്തിത്വവുമായ സ്വാമി കേശവാനന്ദ ഭാരതി(78) അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് പുലര്‍ച്ചെ മഠത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.

ഇഎംഎസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതിലൂടെയാണ് കേശവാനന്ദ ഭാരതി എന്ന പേര് ഇന്ത്യൻ നീതിന്യായ ചരിത്രത്തിൻ്റെ ഭാഗമാകുന്നത്. സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണ ഘടനാകേസായി അത് മാറി. സ്വത്തവകാശം മൗലികാവകാശമാണോ എന്ന ചോദ്യം ഈ കേസോടെയാണ് ഉടലെടുക്കുന്നത്. പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായും ഇത് മാറി.

ഭൂപരിഷ്‌കരണ നിയമപ്രകാരം കാസര്‍ഗോഡിന് സമീപമുള്ള എടനീര്‍ മഠത്തിന്റെ സ്വത്തുക്കള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തതായിരുന്നു കേസിന്റെ തുടക്കം. മഠാധിപതിയായിരുന്ന സ്വാമി കേശവാനന്ദഭാരതി ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയും ഭൂപരിഷ്‌കരണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുകയും ചെയ്തു.

കേസില്‍ വിധി പറഞ്ഞുകൊണ്ട് പൊതുആവശ്യങ്ങള്‍ക്ക് വേണ്ടിയും ഭരണഘടനയുടെ ഭാഗം നാലില്‍ പറയുന്ന നിര്‍ദേശക തത്ത്വങ്ങളുടെ നടപ്പാക്കലിനായും രാഷ്ട്രത്തിന് സ്വത്തവകാശം എന്ന മൗലികാവകാശത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കോടതി വിധിച്ചു.

അതേസമയം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളായ, ജനാധിപത്യം, ഫെഡറല്‍ സ്വഭാവം തുടങ്ങിയവയില്‍ മാറ്റം വരുത്താനുള്ള അധികാരം പാര്‍ലമെന്റിന് ഇല്ലെന്നും കണ്ടെത്തി.

Share
അഭിപ്രായം എഴുതാം