ലേ: ചൈനയുമായി സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിർത്തിയോട് ചേർന്ന് തന്ത്രപ്രധാനമായ മറ്റൊരു പാതയുടെ നിർമ്മാണം കൂടി പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യ. നിമ്മു -പാഡാം – ഡാർച്ച പാതയുടെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞതായാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പറയുന്നത്. ഈ മേഖലയിൽ ഇന്ത്യ നിർമ്മിക്കുന്ന മൂന്നാമത്തെ പാതയാണിത്.
തന്ത്രപ്രധാന മേഖലകൾ തമ്മിൽ ബന്ധിപ്പിക്കുന്നു എന്നതിനുപുറമേ അയൽ രാജ്യങ്ങളുടെ ദൃഷ്ടിയിൽ പെട്ടെന്ന് പതിയില്ല എന്നതും പുതിയ പാതയുടെ പ്രത്യേകതയാണ്. ശ്രീനഗർ – കാർഗിൽ – ലേ പാതയും മണാലി-ലേ പാതയുമാണ് മറ്റു രണ്ടെണ്ണം. ഇവ രണ്ടും അതിർത്തി രേഖകൾക്ക് വളരെ അടുത്താണ് എന്നതിനാൽ അയൽ രാജ്യങ്ങൾക്ക് ഈ റോഡുകളെ എളുപ്പം നിരീക്ഷിക്കാനാകും.
280 കിലോമീറ്റർ നീളമുള്ള പുതിയ പാത വഴി 5-6 മണിക്കൂറുകൾക്കുള്ളിൽ മണാലിയിൽ നിന്നും ലേയിലേക്ക് എത്താമെന്ന് ബോർഡർ റോഡ്സ് ടാസ്ക് ഫോഴ്സ് സൂപ്രണ്ടിങ് എൻജിനീയർ എം കെ ജയിൻ പറയുന്നു.
മണാലിയിൽ നിന്ന് ലേയിലേക്ക് എത്താൻ 12 മുതൽ 14 മണിക്കൂർ വരെ എടുത്ത സ്ഥാനത്താണ് പുതിയ പാത വഴി അത് പകുതി സമയമായി ചുരുങ്ങിയത്. മറ്റ് രണ്ട് പാതകളും വർഷത്തിൽ ആറുമാസവും അടയ്ക്കേണ്ടി വരുമ്പോൾ പുതിയ പാത വർഷം മുഴുവൻ തുറക്കാനാകും എന്ന പ്രത്യേകതയുമുണ്ട് .