മലപ്പുറം : സ്വർണ്ണ കള്ളക്കടത്തു സംഘം റവന്യൂ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു. KL 16 R 5005 രജിസ്ട്രേഷനിലുളള ഇന്നോവ ക്രിസ്റ്റോ കാർ ആണ് ഉദ്യോഗസ്ഥരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. കുളത്തൂർ അടിവാരത്തെ ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടം നടന്നത്. അവിടെ ഓടിക്കൂടിയ നാട്ടുകാർ കരുതിയത് സാധാരണ അപകടമാണ് എന്നാണ്. 06-09-2020 രാവിലെ 9 മണിയോടെയാണ് സംഭവം നടക്കുന്നത്. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ് ഓഫീസർ കൊച്ചി പാലാരിവട്ടം സ്വദേശി ആൽബർട്ട് ജോർജ് (36) ഡ്രൈവർ കോതമംഗലം നെല്ലിക്കുഴി സ്വദേശി നജീബ് (40) എന്നിവർക്കാണ് പരിക്കേറ്റത്. നജീബിന്റെ കാലിന് ഗുരുതരമായ പരിക്കുണ്ട്. സംഘത്തിലെ ഒരാളെ പിടികൂടി വധശ്രമത്തിന് കേസെടുത്തു.
കരിപ്പുർ വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങിയ വാഹനം പരിശോധിക്കാനായി ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്താന്‍ ശ്രമിച്ചു. കടന്നു കളഞ്ഞ കാറിനെ പിന്തുടരുകയായിരുന്നു ഉദ്യോഗസ്ഥരുടെ വാഹനം. സംഘത്തെ മറികടന്ന് ഉദ്യോഗസ്ഥർ ബുള്ളറ്റ് കുറുകെ വെച്ചു . ഐഡി കാർഡ് ചോദിക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് ഇന്നോവ കാർ മുന്നോട്ടുനീങ്ങുകയായിരുന്നു. എന്നാൽ സംഘത്തിൻറെ കാര്‍ നിയന്ത്രണംവിട്ട് സമീപത്തുള്ള ചതുപ്പിൽ വീണ് പോസ്റ്റിൽ ഇടിച്ചുനിന്നു. ഇതിൽ നിന്നും ഒരാൾ ഓടിരക്ഷപ്പെട്ടു. ഒരാളെ കസ്റ്റഡിയിലെടുത്തു. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഉദ്യോസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. തൊട്ടുപിന്നാലെയെത്തിയ ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമായവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

