വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം: പരാതിക്കാരിയെ വിവാഹം ചെയ്യുന്നതിന് പ്രതിക്ക് ജാമ്യം നല്‍കി കോടതി

ഇന്‍ഡോര്‍: വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജയിലില്‍ കഴിയുന്നയാള്‍ക്ക് പരാതിക്കാരിയായ യുവതിയെ വിവാഹം ചെയ്യുന്നതിന് ജാമ്യം അനുവദിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ഈ കൗതുകം നിറഞ്ഞ കേസ് കൈകാര്യം ചെയ്തത്. രണ്ട് മാസത്തേക്കാണ് ജസ്റ്റിസ് എസ്.കെ. അവാസ്തി പ്രതിയ്ക്ക് ജാമ്യം നല്‍കിയത്.

ഫെബ്രുവരിയിലാണ് പരാതിക്കാരി കോടതിയെ സമീപിക്കുന്നത്. പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്നും ഈ സമയത്ത് വിവാഹം ചെയ്യാമെന്ന് ഉറപ്പില്‍ പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. യുവാവിന്റെ ഉറപ്പില്‍ യുവതി ജനുവരിയില്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതി വാക്ക് പാലിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. കേസിനെ തുടര്‍ന്ന് ഇപ്പോള്‍ ജയിലിലായ യുവാവിനെ വിവാഹം ചെയ്യുന്നതിന് ഇരുകൂട്ടരുടെയും കുടുംബങ്ങള്‍ ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. പ്രതിയെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് പരാതിക്കാരിയും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അതേസമയം, ജാമ്യം നല്‍കാനാവശ്യമായ കാരണങ്ങളില്ലെന്നായിരുന്നു ജാമ്യഹര്‍ജിയെ എതിര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം

Share
അഭിപ്രായം എഴുതാം