ചന്ദന മോഷണക്കേസില്‍ പിടിയിലായിതിന്റെ പക തീര്‍ക്കാന്‍ വെടിവെച്ച് കൊന്നത് മാതൃ സഹോദരിയെ; പ്രതികളെ തെളിവെടുപ്പിനെത്തിക്കുന്നു

മറയൂര്‍: ചന്ദന മോഷണക്കേസില്‍ പിടിയിലായതിന്റെ പകതീര്‍ക്കാന്‍ മാതൃ സഹോദരിയെ വെടിവെച്ച് കൊന്ന കേസില്‍ റിമാന്‍റില്‍ കഴിയുന്ന പ്രതികളെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. 2020 ജൂലൈ 21 ന് രാത്രിയിലാണ് ചിന്നാര്‍ വനത്തിനുളളിലെ പാളപ്പെട്ടി ആദിവാസി കോളനിയില്‍ ചന്ദ്രിക(29)യെ സഹോദരിയുടെ മകന്‍ കാളിയപ്പന്‍ (19), മണികണ്ഠന്‍ (21), മാധവന്‍ എന്നിവര്‍ ചേര്‍ന്ന് കൃഷിയിടത്തിലെ കാവല്‍പ്പുരയില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. അന്നുരാത്രി തന്നെ പ്രതികളേയും വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെത്തിയിരുന്നു.

പിന്നീട് പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ചന്ദന മോഷണക്കേസില്‍ പിടിയിലായ പ്രതി മണികണ്ഠന്റെ വീട്ടില്‍ നിന്നും മൂന്ന് ആനക്കൊമ്പുകള്‍ കണ്ടെടുത്തു. വെടി വയ്ക്കാനുപയോഗിച്ച തോക്ക് പ്രതികള്‍ക്ക് ലഭിച്ചതെവിടെ നിന്നാണ് എന്നതുള്‍പ്പടെയുളള കാര്യങ്ങളില്‍ വ്യക്തത വരുത്താനായി ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളെ പാളപ്പെട്ടിയില്‍ എത്തിക്കും.

മറയൂര്‍ സിഐ ജി.സുനില്‍, എസ്‌ഐ ജി. അജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കാളിയപ്പന്‍, മണികണ്ഠന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. മൂന്നാം പ്രതിക്ക് പ്രായ പൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ അന്വേഷണ സംഘത്തിന് ആവശ്യമെങ്കില്‍ ജൂവനല്‍ ഹോമിലെത്തി പ്രതിയെ ചോദ്യം ചെയ്യാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →