ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ ചൈന സൈനീക സന്നാഹങ്ങൾ വർധിപ്പിച്ചു. അതേസമയം സൈനീക സംഘർഷത്തിന് പരിഹാരം ഉണ്ടാക്കുവാൻ രാഷ്ട്രീയനേതൃത്വതല ചർച്ചയ്ക്ക് ഇന്ത്യയോട് അഭ്യർത്ഥിച്ചു. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല എങ്കിലും ചർച്ചയ്ക്കുള്ള ക്ഷണം ഇന്ത്യ സ്വീകരിച്ചതായാണ് വിവരം.
ഇന്ത്യൻ അതിർത്തി പ്രദേശത്തുള്ള ലഡാക്ക് അരുണാചൽ മേഖലകളിലാണ് ചൈനീസ് സൈന്യം സന്നാഹങ്ങൾ വർധിപ്പിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ വേണ്ട സംവിധാനങ്ങൾ കര-വ്യോമസേന ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തിയിലെ സാഹചര്യം സംഘർഷ വിരുദ്ധമാണെന്ന് കരസേനാ മേധാവി വ്യക്തമാക്കി. ഏത് സാഹചര്യത്തെയും അഭിമുഖീകരിക്കുവാൻ കഴിയുന്ന സജ്ജീകരണങ്ങൾ സൈന്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കര വ്യോമ സേനകളുടെ തലവന്മാർ രണ്ടുദിവസമായി അതിർത്തി മേഖലകളിൽ സന്ദർശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി.
ഒരുവശത്ത് പരിഹാരത്തിനു വേണ്ടിയുള്ള അഭ്യർത്ഥനയും മറുപുറത്ത് സൈനിക നീക്കവും എന്ന തന്ത്രമാണ് ചൈന പറ്റുന്നത്. സാമ്പത്തിക സഹകരണത്തിന് വേണ്ടി രൂപീകരിച്ചിട്ടുള്ള മേഖല കൗൺസിൽ സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. സൈനിക സംഘർഷത്തിന് രാഷ്ട്രീയ നേതൃത്വതല ചർച്ച വേണമെന്നാണ് ചൈന നിർദ്ദേശം മുന്നോട്ട് വച്ചിട്ടുള്ളത്. പാകിസ്ഥാൻ ഒഴികെ മറ്റു രാജ്യങ്ങളുടെ പിന്തുണ മേഖലാ സഹകരണ വേദിയിൽ ചൈനയ്ക്ക് ലഭിക്കുകയില്ല എന്ന് ഉറപ്പായ സാഹചര്യത്തിലാണ് സമാധാന സന്ദേശമുയർത്തി മന്ത്രിതല ചർച്ച എന്ന നിർദ്ദേശം വച്ചിരിക്കുന്നത്.
പല മുഖങ്ങൾ സൂക്ഷിക്കുന്ന ചൈനീസ് വിദേശ നയതന്ത്രത്തിന്റെ മറ്റൊരു രൂപം മാത്രമാണ് ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്. കൊറോണ ബാധയുടെ പേരിലും അയൽരാജ്യങ്ങളുമായി ഉണ്ടാക്കിയ സംഘർഷത്തിന്‍റെ പേരിലും അന്താരാഷ്ട്ര സമൂഹത്തിൽ ചൈന ഒറ്റപ്പെടൽ നേരിടുകയാണ്. യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും സാമ്പത്തിക ഉപരോധത്തിനു സമാനമായ അന്തരീക്ഷം ചൈനയ്ക്കെതിരെ ഉണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ചൈനീസ് കമ്പനികളുടെ കരാറുകൾ തുടരെത്തുടരെ റദ്ദാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിൻറെ തുടർച്ചയെന്നോണം ഇന്ത്യയുമായുള്ള അതിർത്തി തർക്കം എന്ന പേരിൽ മേഖല സഹകരണ വേദിയിൽ ഒറ്റപ്പെടുന്നത് തടയുവാനുള്ള തന്ത്രം മാത്രമാണ് ഇപ്പോഴത്തെ ചർച്ച നിർദ്ദേശം എന്നാണ് വിലയിരുത്തൽ. ചർച്ചയെ തള്ളിക്കളഞ്ഞിട്ടില്ല എങ്കിലും മുൻകരുതലുകൾ സ്വീകരിച്ചാണ് ഇന്ത്യ നിലപാട് എടുത്തിരിക്കുന്നത്. കര വ്യോമസേനകൾ ശക്തമായ തിരിച്ചടിക്ക് തയ്യാറെടുത്ത് അതിർത്തിയിൽ നിലകൊള്ളുകയാണ്. കഷ്ടിച്ച് 500 മീറ്റർ മാത്രം അകലത്തിൽ ഇരു സേനകളും നിലയുറപ്പിച്ച സാഹചര്യം പലയിടത്തുമുണ്ട്.

