റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: ഓണ്‍ലൈന്‍ പഠനത്തിനിടയിലെ ഇടവേളയില്‍ ചേച്ചിമാരായ അഡോണയെയും അനീനയെയും കൂട്ടി കളിക്കാനും കഥകള്‍ കേള്‍ക്കാനും കാത്തിരിക്കുന്ന ഇരട്ടസഹോദരങ്ങളായ ആല്‍ബിനും അഭിമലേഖും. ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിച്ച പുതിയ വീട്ടിലെ ആദ്യ ഓണത്തിന് കാത്തിരിക്കുകയാണ് പ്രീതയുടെ മക്കള്‍.

വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ പതിനാറാംകണ്ടത്താണ് പ്രീതയും നാലുമക്കളും താമസിക്കുന്നത്. ആറു മാസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പ്രീതയുടെ ഭര്‍ത്താവ് ഷിജോ മരിക്കുന്നത്. അന്ന് ലൈഫ് ഭവന പദ്ധതിയില്‍ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന സംശയം പ്രീതക്കുണ്ടായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച ഭര്‍ത്താവിന്റെ മരണം വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.    

എല്ലാ സഹായങ്ങളുമായി സുഹൃത്തുക്കളും ഉദ്യോഗസ്ഥരും പ്രീതയ്ക്ക് ഒപ്പം നിന്നപ്പോള്‍ വീടെന്ന സ്വപ്നം സഫലമായി. സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍  ആ സന്തോഷത്തില്‍ പങ്കുചേരാന്‍ ഷിജോയില്ലെന്നുള്ള  ദുഃഖം പ്രീത പങ്കുവെക്കുന്നു.

എല്ലാമെല്ലാമായ മക്കള്‍ക്ക് വേണ്ടി ചെറുതായെങ്കിലും ഓണം ഒരുക്കും. ജീവിതത്തില്‍ ഇതുവരെയും ഇത്രയും നല്ലൊരു വീട്ടില്‍ കഴിഞ്ഞിട്ടില്ലെന്ന അനുഭവം പങ്കുവെക്കുമ്പോള്‍ പ്രീതയുടെ കണ്ണുനിറയുന്നുണ്ടായിരുന്നു. വീടെന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധസംഘടനകളോടും നന്ദി പറയുമ്പോള്‍ സ്വപ്ന സാഫല്യത്തിന്റെ സന്തോഷം പ്രീതയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. തന്റെ വീട്ടിലേക്ക് സൗജന്യമായി വൈദ്യുതിയെത്തിക്കാന്‍ സഹായിച്ച വൈദ്യുതി വകുപ്പിനോടുള്ള നന്ദിയും പ്രീത പറയുന്നു.

അടച്ചുറപ്പില്ലാത്ത, വീടെന്ന് പോലും പറയാനാകത്ത അവസ്ഥയിലാണ് നേരത്തെ താമസിച്ചിരുന്നത്; അടച്ചുറപ്പുള്ള, സുരക്ഷിതത്വമുള്ള വീട്ടില്‍ ഇപ്പോള്‍ താമസിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം കുട്ടികളും പങ്കുവെച്ചു. 420 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് മുറികളും അടുക്കളയും ഊണുമുറിയും സ്വീകരണമുറിയും ശുചിമുറിയും അടങ്ങിയതാണ് പ്രീതയുടെയും മക്കളുടെയും പുതിയ ലൈഫ് ഭവനം.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7522/Life-Mission-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *