മുംബൈ: ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ച പശ്ചാത്തലത്തില്‍ വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ നല്‍കാതെ ജാഗ്രത കാണിക്കണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യന്‍ സിഇഒ അദര്‍ പൂന്‍വാല. രണ്ട് മാസത്തിന് ശേഷം വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ തങ്ങള്‍ നല്‍കുമെന്നും അതുവരെ ക്ഷമ കാണിക്കണം. പരീക്ഷണങ്ങളെയും അതിന്റെ നടപടിക്രമങ്ങളെയും കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കി ജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൂന്‍വാലയുടെ പ്രസ്താവനയില്‍ നിന്ന് വാക്‌സിന് വേണ്ടി രണ്ടുമാസം കൂടി കാത്തുനില്‍ക്കേണ്ടതുണ്ടെന്ന സൂചന കൂടിയാണ് ലഭിക്കുന്നത്.
അതേസമയം, പൂനെയിലെ ഭാരതി വിദ്യാപീഠ മെഡിക്കല്‍ കോളജിലാണ് മനുഷ്യരില്‍ വാക്സിന്‍ കുത്തിവച്ചത്. തമിഴ്നാട്ടിലെ രണ്ട് ആശുപത്രികള്‍ വാക്സിന്‍ പരീക്ഷണത്തില്‍ ചേരുമെന്ന് ആരോഗ്യമന്ത്രി ഡോ സി. വിജയഭാസ്‌കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

