തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തെ തുടർന്ന് യു ഡി എഫും, ബി ജെ പിയും ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികളെ തുടർന്ന് സംസ്ഥആനത്ത് സംഘാർഷാവസ്ഥ. കണ്ണൂരില്‍ ലാത്തിച്ചാർജ്, തിരുവനന്തപുരത്ത് കണ്ണീർവാതകവും ജലപീരങ്കി എന്നിവ പ്രതിഷേധക്കാർക്കെതിരെ പ്രയോഗിച്ചു.
യുഡിഎഫ്, ബി ജെ പി, എസ് ഡി പി ഐ, യുവമോർച്ച, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, മഹിളാ കോൺഗ്രസ് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധങ്ങളുമായി തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും എത്തിയത്. രാവിലെ 10 മണി മുതൽ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്.
ചൊവ്വാഴ്ച വൈകീട്ട് 4.40 ഓടെ സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് പ്രോട്ടോകോൾ ഓഫീസിൽ തീപിടുത്തം ഉണ്ടായതിനെത്തുടർന്ന് ഉടലെടുത്ത സാഹചര്യമാണ് ബുധനാഴ്ചത്തെ പ്രതിഷേധ പരിപാടികളിൽ എത്തിച്ചത്. സ്വർണ്ണക്കടത്ത് അടക്കം എന്‍ ഐ എ അന്വേഷിക്കുന്ന കേസിലെ തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടി സർക്കാർ രേഖകൾ തീയിട്ട് നശിപ്പിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് യുഡിഎഫും ബിജെപിയും പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്. തീപിടുത്തം ഉണ്ടായ ഉടനെ തന്നെ യുഡിഎഫിന്‍റേയും ബിജെപിയുടേയും പ്രവർത്തകർ സെക്രട്ടറിയേറ്റ് പരിസരത്ത് തടിച്ചു കൂടുകയും പ്രതിഷേധങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. അവിടെയും ബലപ്രയോഗവും ജലപീരങ്കി പ്രയോഗവും ഉണ്ടായി. രാത്രിയോടെ അവസാനിച്ച പ്രതിഷേധങ്ങൾ ബുധനാഴ്ച രാവിലെ 10 മണിയോടെ പുനരാരംഭിക്കുകയായിരുന്നു.
യുഡിഎഫിന്‍റെ ഏകദിന പ്രതിഷേധകൂട്ടായ്മ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ വി ടി ബൽറാം വിഎസ് ശിവകുമാർ കെ ശബരീനാഥൻ ഘടകകക്ഷി നേതാക്കളും കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.
മഹിളാ കോൺഗ്രസിൻറെ പ്രവർത്തകർ പിണറായിയുടെ കോലം കത്തിച്ചു. സെക്രട്ടറിയേറ്റിന്‍റെ വടക്കെ ഗേറ്റിനടുത്തായിരുന്നു പ്രതിഷേധം.
കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് 20ഓളം ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനുശേഷം കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ 10 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കണ്ണൂരില്‍ പ്രതിഷേധമാർച്ച് നടത്തിയവർക്കെതിരെ പോലീസ് ലാത്തിച്ചാർജ് നടത്തി.
കൽപ്പറ്റയിൽ ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
കോഴിക്കോട് കളക്ടറേറ്റ് ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി.
ബിജെപി ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ സമരഗേറ്റിന്റെ മറ്റൊരുവശത്ത് പ്രതിഷേധം ആരംഭിച്ചു. ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. മുന്നൂറിലധികം വരുന്ന ബിജെപി പ്രവർത്തകരാണ് സെക്രട്ടറിയേറ്റിൽ എത്തിയിരിക്കുന്നത്.
മുദ്രവാക്യങ്ങൾ മുഴക്കി കൊണ്ട് കെ എസ് ടു സെക്രട്ടറിയേറ്റിന് നേരെ പ്രകടനവുമായി എത്തി. ബാരിക്കേഡുകൾ തള്ളി കടക്കുവാൻ ശ്രമിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ തുടങ്ങി.