വിസാ ചട്ട നിയന്ത്രണം ചൈനയെ ബാധിക്കില്ല, നഷ്ടം ഇന്ത്യയ്‌ക്കെന്ന് ഗ്ലോബല്‍ ടൈംസ്

ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള സംഘടനകളിലും സംരംഭങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിസ നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ചൈനയെ ബാധിക്കില്ലെന്ന് ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. വിസ ചട്ട നിയന്ത്രണം ഇന്ത്യയെ ആണ് ബാധിക്കുക. ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം ഇറക്കാനുള്ള സാധ്യതകളാണ് ഇന്ത്യ ഇതിലൂടെ ഇല്ലാതാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നുണ്ട്.

ചൈനയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതായി കണകാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ ഉഭയകക്ഷിപരമായി കൈകാര്യം ചെയ്യാമെന്ന് ചൈന പ്രതീക്ഷിക്കുന്നു. അതേസമയം, ദക്ഷിണേഷ്യയില്‍ ഇപ്പോള്‍ ചൈനയ്ക്കുള്ള സ്വാധീനം കണകാക്കുമ്പോള്‍ അത്തരമൊരു ‘സഖ്യം’ കെട്ടിപ്പടുക്കല്‍ ചൈനയുടെ ആവശ്യമല്ല. ചൈനയക്ക് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള മതിയായ ശേഷിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാകിസ്ഥാന്റെ കാര്യത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് സമാനമായ വിസാ നിയന്ത്രണങ്ങളാണ് കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയ്ക്കെതിരായും കൊണ്ടുവന്നത്.ബിസിനസ് സംരംഭങ്ങള്‍, നയരൂപീകരണത്തെ സ്വാധീനിക്കുന്ന സംഘടനകള്‍, പ്രത്യേക നിലപാടുകള്‍ക്കായി വാദിക്കുന്ന സംഘടനകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിസ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണം. ഇതുസംബന്ധിച്ച് വിദേശമന്ത്രാലയത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത്തരം സംഘടനകള്‍ നയരൂപീകരണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും ചാരവൃത്തി നടത്തുന്നതായും ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഇന്ത്യ-ചൈന ബന്ധം വഷളായി തുടരുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കുന്നത്. ഇന്ത്യയിലെയും ചൈനയിലെയും അക്കാദമിക് സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണവും പുനഃപരിശോധിക്കും. ചൈനീസ് ബന്ധമുള്ള 59 മൊബൈല്‍ ആപ് നേരത്തേ ഇന്ത്യ നിരോധിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം