വയനാട് കൃഷി വകുപ്പിന്റെ ഓണച്ചന്ത; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

വയനാട് : ഓണത്തിന് വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും ചേര്‍ന്ന് ജില്ലയില്‍ 50 ഓണ ചന്തകള്‍ ആരംഭിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ചന്തകളില്‍ ജനത്തിരക്ക് കുറയ്ക്കുന്നതിന് ഓണ്‍ലൈന്‍ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വഹിച്ചു.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹ്യാദ്രി സൈബര്‍ സൊലൂഷന്‍സിന്റെ   സൗജന്യ സാങ്കേതിക സഹായത്തോടെ ഓഗസ്റ്റ് 26 വരെ www.kerala.shopping എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ബുക്കിംഗ് ഒരുക്കിയിട്ടുണ്ട്. വാട്‌സ് ആപ്പ് വഴി 200 രൂപയുടെ പച്ചക്കറി കിറ്റ് ബുക്ക്  ചെയ്യുന്നതിനായി 9656347995 എന്ന നമ്പറിലേക്ക് ആഗസ്റ്റ് 26 ന് മുമ്പ് പേരും  സ്ഥലവും മെസേജ് ചെയ്യേണ്ടതാണ്.

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 37 ചന്തകളും വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ 5 ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളുമാണ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമായി പ്രവര്‍ത്തിക്കുക. കൂടാതെ നബാര്‍ഡിന് കീഴിലെ കാര്‍ഷികോല്‍പാദക കമ്പനികളുടെ എട്ട് ഓണ വിപണികളും പ്രവര്‍ത്തിക്കുന്നുണ്ട്.  

200 രൂപയുടെ പച്ചക്കറി കിറ്റുകള്‍ക്കാണ് ബുക്കിംഗ് സ്വീകരിക്കുന്നത്. ഇങ്ങനെ ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഗസ്റ്റ് 27, 28 തീയ്യതികളില്‍ ചന്തയില്‍ വന്ന് എളുപ്പത്തില്‍ സാധനങ്ങള്‍ വാങ്ങാം. കിറ്റു കൂടാതെ അന്നത്തെ വിലയനുസരിച്ച് മറ്റ് പച്ചക്കറികളും ബുക്ക് ചെയ്യാവുന്നതാണ്. വിപണി സംഭരണ വിലയെക്കാള്‍ പത്ത് ശതമാനം അധിക തുക നല്‍കി കര്‍ഷകരില്‍ നിന്നു പച്ചക്കറികള്‍ സംഭരിച്ച് വിപണി വിലയേക്കാള്‍ മുപ്പത് ശതമാനം വിലക്കുറവിലാണ് വിപണനം ചെയ്യുന്നത്. ജൈവ രീതിയില്‍ ഉല്‍പ്പാദിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് ഇരുപത് ശതമാനം അധിക വില നല്‍കി സ്വീകരിക്കും. നാടന്‍ പച്ചക്കറികള്‍, ഏത്തക്കുല, ചേന, ഇഞ്ചി എന്നിവ ജില്ലയിലെ കര്‍ഷകരില്‍ നിന്നും വാങ്ങും. ശീതകാല പച്ചക്കറികള്‍, സവാള, ഉരുളക്കിഴങ്ങ് എന്നിവ മറ്റ് ജില്ലകളില്‍ നിന്ന് ഹോര്‍ട്ടികോര്‍പ്പ് മുഖാന്തിരം വാങ്ങി വില്‍പ്പനയ്ക്ക് എത്തിക്കും. ഓഗസ്റ്റ് 27 മുതല്‍ 30 വരെ എല്ലാ പഞ്ചായത്തുകളിലും ഓണച്ചന്ത പ്രവര്‍ത്തിക്കും.  കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. സിബി, അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ) വി.പി.സുധീശന്‍, എഫ്.പി.ഒ കോഡിനേറ്റര്‍ സി.വി. ഷിബു എന്നിവര്‍ സന്നിഹിതരായിരുന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7351/onam-market-online-booking-started-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →