ബാഴ്സലോണ: ചാമ്പ്യൻസ് ലീഗിലെ ദയനീയ തോൽവിയ്ക്കു ശേഷം ഊണും ഉറക്കവും നഷ്ടമായ ബാഴ്സലോണ ലിവർപൂൾ കോച്ചിനെ നോട്ടമിടുന്നതായി റിപ്പോർട്. ദിവസങ്ങൾക്കു മുൻപ് മാത്രം കൊണ്ടുവന്ന റൊണാൾഡ് കോമാനിലും ബാഴ്സയിലെ ചില ഉന്നതർക്ക് തൃപ്തിയില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ.
ബാഴ്സയുടെ പ്രശ്നങ്ങൾ തീരാൻ നിലവിൽ ലിവർപൂളിന്റെ പരിശീലകനായ യർഗൻ ക്ലോപ്പിനെ ടീമിലെത്തിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചിരിക്കുകയാണ് ബാഴ്സയുടെ പുതിയ പ്രസിഡന്റ് സ്ഥാനാർത്ഥി ജോർദി ഫാറി.
അടുത്ത വർഷം മാർച്ചിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഫാറിയ്ക്കാണ് സാധ്യത കൽപിക്കപ്പെടുന്നത്.
2021 ൽ ക്ലോപുമായി കരാറൊപ്പിടുമെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും ഫാറി പറയുന്നു.എന്നാൽ യർഗൻ ക്ലോപ് ലിവർപൂൾ വിട്ടു വരാൻ തയ്യാറാകുമോ എന്ന് വ്യക്തമല്ല.

