ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരായ നടപടികള്‍ കടുപ്പിച്ച് ഇന്ത്യ. ചൈനീസ് ബിസിനസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും വിസാ നിയമങ്ങള്‍ കര്‍ശനമാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനത്തിനും ചൈനീസ് നിക്ഷേപം ഒഴിവാക്കുന്നതിനായി എഫ്ഡിഐ നിയമങ്ങളില്‍ മാറ്റും കൊണ്ടുവരികയും ചെയ്ത ശേഷമാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. സുരക്ഷാ അനുമതി ലഭിച്ചതിനുശേഷം മാത്രമേ ചൈനീസ് പൗരന്മാര്‍ക്ക് വിസ നല്‍കൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ ഇന്ത്യാചൈനീസ് സര്‍വ്വകലാശാലകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അവലോകനം നടക്കുകയാണ്. ഇന്ത്യചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തമ്മിലുള്ള കരാറുകളുടെ ദൈര്‍ഘ്യം കുറയ്ക്കാന്‍ സാധ്യതയുണ്ട്. ചൈനീസ് സര്‍വകലാശാലകളും പ്രശസ്ത ഇന്ത്യന്‍ സ്ഥാപനങ്ങളായ ഐഐടികള്‍, ജെഎന്‍യു എന്നിവ തമ്മില്‍ 50 ഓളം ധാരണാപത്രങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നാണ് വിവരം.
അതിനിടെ, 44 സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍മ്മിക്കാനായി ചൈനീസ് കമ്പനിയ്ക്കുള്ള ടെണ്ടര്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.പുതുക്കിയ ഉത്തരവ് പ്രകാരം ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ടെണ്ടര്‍ ലഭ്യമാക്കുമെന്ന് റെയില്‍ മന്ത്രാലയം ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസം നടന്ന ടെന്‍ഡറില്‍ പങ്കെടുത്ത ആറ് പേരില്‍ ചൈനീസ് സംയുക്ത സംരംഭമായ സിആര്‍ആര്‍സി പയനിയര്‍ ഇലക്ട്രിക് മാത്രമാണ് മുന്നിട്ട് നിന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടി റദ്ദാക്കി പുതിയ ടെണ്ടര്‍ വിളിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

