തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ അയ്യരുടെ മൊഴി പുറത്ത്; ലോക്കർ തുറന്നത് ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരം. സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്ക് സഹകരണബാങ്കുകളില്‍ നിക്ഷേപം

തിരുവനന്തപുരം : സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഉന്നതരുടെ ഇടപെടലുകൾ ഉണ്ട്, കേസന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നീ കാരണങ്ങളാലാണ് സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. എൻഫോഴ്സ്മെൻറ് ഡയറക്ടറുടെ മുമ്പിൽ നൽകുന്ന മൊഴി തെളിവായി കോടതി കേസ് സ്വീകരിക്കാം എന്നത് സ്വപ്ന ജാമ്യം ലഭിക്കുന്നതിന് തടസ്സമായി. ലോക്കറിൽ കണ്ടെത്തിയത് കള്ളപ്പണം അല്ലെന്നും ഇത്തരത്തിൽ പണം സൂക്ഷിക്കുന്നത് നിയമതടസമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്ന സുരേഷിനെ അഭിഭാഷകർ വാദിച്ചത്. ഈ വാദം കോടതി അംഗീകരിച്ചില്ല.

ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ അയ്യരെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തു. സ്വപ്നയെ ഓഫീസിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തിയതും ഒന്നിച്ച് ലോക്ക് തുറക്കാൻ നിർദ്ദേശിച്ചതും ശിവശങ്കരനാണെന്ന് വേണുഗോപാൽ അയ്യർ എൻഫോഴ്സ്മെൻറിന് മൊഴി നൽകി.

മൊഴിയുടെ സാരാംശം ഇപ്രകാരമാണ്. ശിവശങ്കർ സ്വപ്നയെയും കൊണ്ട് ഓഫീസിൽ വന്നു. പരിചയപ്പെടുത്തി. ശിവശങ്കറിന്‍റെ സാന്നിധ്യത്തിൽ സ്വപ്നയുമായി മണിക്കൂറോളം സംസാരിച്ചു. സ്വപ്നയുമായി ചേർന്ന് ജോയിൻറ് അക്കൗണ്ടും ലോക്കറും തുടങ്ങാൻ നിർദ്ദേശിച്ചത് ശിവശങ്കർ ആയിരുന്നു. ചർച്ചയില്‍ ശിവശങ്കര പങ്കാളിയായിരുന്നു. ഈ നിർദേശപ്രകാരം തുറന്ന് ജോയിൻറ് അക്കൗണ്ടിൽ ആദ്യം നിക്ഷേപിച്ചത് 30 ലക്ഷം ആയിരുന്നു. പിന്നീട് സ്വപ്ന പലതവണകളായി ഇത് പിൻവലിച്ചു. അക്കൗണ്ട് അവസാനിപ്പിക്കാന്‍ പറഞ്ഞപ്പോൾ തന്റെ കുറച്ചു സ്വർണം ലോക്കറില്‍ ഉണ്ടെന്നായിരുന്നു സ്വപ്നയുടെ മറുപടി. അക്കൗണ്ടിൽ ഉണ്ടായിരുന്ന ബാക്കിതുകയെ പറ്റി തനിക്ക് അറിയില്ല.

എന്നാൽ ഒന്നിച്ച് ലോക്ക് തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങി എന്നുമാണ് ശിവശങ്കറിന്‍റെ മൊഴി.

ഇതിനുപുറമേ സന്ദീപ്, സ്വപ്ന, സരിത് എന്നിവർക്ക് പൂവാർ, മുട്ടത്തറ എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകളിൽ നിക്ഷേപം ഉള്ളതായി എൻഫോഴ്സ്മെൻറ് കണ്ടെത്തി. പൂവാറിലെ സഹകരണ ബാങ്കിൽ സ്വപ്നയ്ക്ക് 25 ലക്ഷവും സന്ദീപിന് 10 ലക്ഷവും സരിത്തിന്‍റേയും അച്ഛന്‍റേയും പേരിലുള്ള മുട്ടത്തറയിലെ ബാങ്കിൽ 15 ലക്ഷവും നിക്ഷേപമാണ് ഉള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →