ദില്ലി: ഹിന്ദു ആർമി നേതാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് രാമക്ഷേത്രത്തിന്റെ പേര് ചേർത്ത് എഡിറ്റിംഗ് നടത്തി ട്വീറ്റ് ചെയ്തു എന്നാരോപിച്ച് മാധ്യമ പ്രവർത്തകനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു.
ട്രാൻസ്കോണ്ടിനെന്റൽ ടൈംസിലെ മാധ്യമ പ്രവർത്തകനായ പ്രശാന്ത് കനോജിയയെ ആണ് ദില്ലിയിലെ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്തത്. നേരത്തേ ഇദ്ദേഹം ‘ദ വയറി’ ലാണ് പ്രവർത്തിച്ചിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 ന് കുറച്ചുപേര്‍ വന്ന് പ്രശാന്തിനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നൂവെന്ന് ഭാര്യ ജഗീഷ അറോറ പറയുന്നു.
സംഘത്തിൽ ആറ് പേരുണ്ടായിരുന്നു. ഒരാള്‍ പോലീസ് വേഷത്തിലും ബാക്കിയുള്ളവര്‍ സിവില്‍ ഡ്രസിലുമായിരുന്നു. മുകളില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് പോലീസുകാര്‍ പറഞ്ഞുവെന്നും അവർ പറയുന്നു.
മൂന്ന് മണിക്ക് ഇവര്‍ വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ പോയപ്പോൾ ഉത്തര്‍ പ്രദേശ് പോലീസാണ് എത്തിയതെന്നും ലഖ്‌നൗവിലേക്ക് കൊണ്ടുപോയി എന്നുമാണ് അറിയാൻ കഴിഞ്ഞത്. പ്രശാന്ത് അങ്ങനെയൊരു ട്വീറ്റ് ചെയ്തിട്ടില്ലെന്നും ഇത് ബോധപൂർവമുള്ള പ്രതികാര നടപടിയാണെന്നും പ്രശാന്തിന്റെ ഭാര്യ പറയുന്നു.
മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടുവെന്നാണ് പ്രശാന്തിനെതിരായ പരാതി.
ഹിന്ദു ആര്‍മി നേതാവ് സുശീല്‍ തിവാരി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇത് മോര്‍ഫ് ചെയ്ത് ട്വീറ്റ് ചെയ്തുവെന്നാണ് ആരോപണം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിച്ച് പോസ്റ്റിട്ടു എന്ന പരാതിയിൽ മുൻപ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നു.