കറാച്ചി: എം.എസ് ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണെന്നും അദ്ദേഹം താരങ്ങളെ സൃഷ്ടിച്ച താരമാണെന്നും മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് . കളിക്കാരെ തിരഞ്ഞെടുത്ത ശേഷം അവരെ മഹാന്‍മാരാക്കി തീര്‍ക്കുകയാണ് ധോണി ചെയ്തതെന്നും സ്വന്തം യൂ ട്യൂബ് ചാനലില്‍ ഇന്‍സമാം പറഞ്ഞു.
സുരേഷ് റെയ്ന, ആര്‍ അശ്വിന്‍ എന്നിവരെപ്പോലുള്ള മാച്ച് വിന്നര്‍മാരെ വളര്‍ത്തിയെടുത്ത ധോണിയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍. കളിക്കാരെ എങ്ങനെ സൃഷ്ടിച്ചെടുക്കണമെന്ന് നന്നായി അറിയുന്ന ബുദ്ധിശാലിയായ ക്രിക്കറ്ററായിരുന്നു ധോണി.
മല്‍സരം എങ്ങനെ ഫിനിഷ് ചെയ്യുമെന്ന് നന്നായി അറിയുന്ന താരമായിരുന്നു അദ്ദേഹം. എല്ലാ മല്‍സരത്തിലും സെഞ്ച്വറി നേടിയിരുന്ന കളിക്കാരനായിരുന്നില്ല അദ്ദേഹം. എന്നാല്‍ ടീമിനെ എങ്ങനെ ജയിപ്പിക്കാമെന്ന് മനസ്സിലാക്കി അതിന് അനുസരിച്ച് ഇന്നിങ്സ് പടുത്തുയര്‍ത്തുകയാണ് ധോണി ചെയ്തിരുന്നതെന്നും ഇന്‍സി കൂട്ടിച്ചേര്‍ത്തു.
ധോണിയെപ്പോലെ മഹാനായ ഒരു ക്രിക്കറ്റര്‍ വീട്ടിലിരുന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു കളിക്കളത്തില്‍ വച്ചായിരുന്നു അദ്ദേഹം വിരമിക്കേണ്ടിയിരുന്നതെന്നും ഇന്‍സി അഭിപ്രായപ്പെട്ടു.
ലോകം മുഴുവന്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ക്രിക്കറ്ററാണ് ധോണി. അദ്ദേഹത്തെ ഗ്രൗണ്ടില്‍ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. തന്റെ അഭിപ്രായത്തില്‍ ഇത്രയും മഹാനായിട്ടുള്ള ഒരു ക്രിക്കറ്റര്‍ വീട്ടിലിരുന്ന് താന്‍ കളി മതിയാക്കുന്നതായി പ്രഖ്യാപിക്കാന്‍ പാടില്ല.ഗ്രൗണ്ടിലാണ് കരിയറിലെ ഇതുപോലെ നിര്‍ണായകമായ ഒരു തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതേ കാര്യം തന്നെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറോടും മുന്‍പു താന്‍ പറഞ്ഞിട്ടുള്ളത്. ഇത്രയും വലിയ ആരാധകവൃന്ദമുള്ള നിങ്ങള്‍ ഗ്രൗണ്ടില്‍ വച്ച് നിങ്ങളുടെ യാത്ര അവസാനിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും സച്ചിനോടു താന്‍ പറഞ്ഞിരുന്നു , ഇന്‍സി കൂട്ടിച്ചേര്‍ത്തു