ലിസ്ബണിൽ കാത്തിരുന്നത് മഹാദുരന്തം , ബാഴ്സയ്ക്ക് നാണം കെട്ട് മടങ്ങാം

ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയ്ക്ക് നേരിട്ടത് അവരുടെ 74 വർഷത്തിനിടയിലെ ഏറ്റവും കനത്ത പരാജയം.

ഫുട്ബോൾ ലോകം തീപാറുന്ന പോരാട്ടം കാത്തിരുന്ന മത്സരത്തിൽ രണ്ടിനെതിരെ എട്ട് ഗോളുകൾക്കളാണ് ബയേൺ മ്യൂണിക്ക് ബാഴ്സലോണയെ തോൽപിച്ചത്. കാളക്കൂറ്റൻമാരുടെ കൊമ്പുകോർക്കലോ ഇഞ്ചോടിഞ്ച് പോരാട്ടമോ ഒന്നും ഉണ്ടായില്ല , തികച്ചും ഏകപക്ഷീയവും ആധികാരികവുമായ ജർമൻ വിജയം.

ഫുട്ബോളിന്റെ മിശിഹ സാക്ഷാല്‍ ലയണൽ മെസ്സിക്ക് പോലും കരിയറിലെ ദു:സ്വപ്നമായിരിക്കും ഈ പരാജയമെന്ന് ഉറപ്പിക്കാം.

മത്സരം തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ബയേൺ ബാഴ്സലോണയുടെ വല കുലുക്കി. ലെവന്‍ഡോസ്കിയുടെ പാസ് സ്വീകരിച്ച്‌ ഒരു ഇടം കാലന്‍ ഷൂട്ടിലൂടെ മുള്ളര്‍ ആയിരുന്നു ആദ്യ ഗോള്‍ കണ്ടെത്തിയത്.

പക്ഷേ ഏഴാം മിനുട്ടില്‍ ബാഴ്സലോണയ്ക്ക് ബയേണിന്റെ വക ഒരു സമനില ഗോള്‍ കിട്ടി. ബയേൺ താരം അലാബയ്ക്കു പറ്റിയ അബദ്ധത്തിലൂടെ പിറന്ന ഒരു സെല്‍ഫ് ഗോളായിരുന്നു ബാഴ്സയുടെ ആ സമനില ഗോള്‍.

മത്സരത്തില്‍ പിന്നീട് കണ്ടത് ബയേണിന്റെ സംഹാര താണ്ഡവം. 21ആം മിനുട്ടില്‍ ഗ്നാബ്ബറിയുടെ പാസ് സ്വീകരിച്ച്‌ ഇടതു വിങ്ങില്‍ നിന്ന് പെരിസിചിന്റെ ഇടം കാലന്‍ ഷോട്ട്. ബയേണ്‍ 2-1ന് മുന്നില്‍. ആറ് മിനുട്ട് കഴിഞ്ഞപ്പോള്‍ ഗ്നാബറിയുടെ വക വീണ്ടും ഒരു ഗോള്‍. 3-1. പിന്നാലെ 31ആം മിനുട്ടില്‍ മുള്ളറിന്റെ രണ്ടാം ഗോള്‍. ബയേണ്‍ 4-1ന് മുന്നില്‍.

ആദ്യ പകുതി 4-1 എന്ന നിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ ഗ്രീസ്മനെ കൊണ്ടു വന്ന് ബാഴ്സലോണ അറ്റാക്കിംഗ് ശക്തമാക്കാന്‍ ശ്രമിച്ചു. 57ആം മിനുട്ടില്‍ സുവാരസിലൂടെ ബാഴ്സ തങ്ങളുടെ രണ്ടാം ഗോള്‍ നേടി. മനോഹരമായ ഒരു ടച്ചിലൂടെ ബയേണ്‍ ഡിഫന്‍സിനെ വെട്ടിച്ചായിരുന്നു സുവാരസ് ഫിനിഷ് ചെയ്തത്. ആ ഗോള്‍ ബാഴ്സക്ക് ചെറിയ പ്രതീക്ഷ നല്‍കി. സ്കോര്‍ 4-2.

പക്ഷെ ബയേണ്‍ പതറിയില്ല. ബയേണിനായി അഞ്ചാം ഗോള്‍ കിമ്മിച്ച്‌ നേടി. ഇടതു വിങ്ങില്‍ സെമെഡോയെ കാഴ്ചക്കാരനാക്കി ഡേവിസ് നല്‍കിയ പാസ് അനായാസം കിമ്മിച്ച് വലയിലെത്തിച്ചു.

ആറാം ഗോള്‍ ഒരുക്കിയത് ബാഴ്സയില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ ബയേണില്‍ കളിക്കുന്ന കൗട്ടീനോ ആയിരുന്നു. കൗട്ടീനോയുടെ ക്രോസില്‍ നിന്ന് ലെവന്‍ഡോസ്കിയാണ് ഹെഡ് ചെയ്ത് ഗോള്‍ നേടിയത്. പിന്നാലെ ഏഴാം ഗോളും എട്ടാം ഗോളും വന്നു. രണ്ട് ഗോളും കൗട്ടീനോ ആണ് നേടിയത്.

ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മോശം ചാമ്ബ്യന്‍സ് ലീഗ് പരാജയമാണിത്. സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലിയോണും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ബയേണ്‍ നേരിടുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →