കോഴിക്കോട് : വന്യജീവി ശല്യം മൂലം ആളു നാശവും കൃഷി നാശവും സംഭവിക്കുന്ന കർഷകരോടുള്ള ഉദ്യോഗസ്ഥ സമീപനം വ്യക്തമാക്കുന്നതാണ് ഒരു കർഷകൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതി വനംവകുപ്പിന് ഫോർവേഡ് ചെയ്ത് കൊടുത്തപ്പോൾ അവിടെ നിന്നും ലഭിച്ച മറുപടി. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കോഴിക്കോട് ആണ് പരാതിക്ക് മറുപടി നല്‍കിയിരിക്കുന്നത്. വന്യജീവികളും ആയി സഹവർത്തിത്വവും സഹകരിച്ചും ജീവിക്കുവാനുള്ള ഉപദേശമാണ് ഡി എഫ് ഓ കണ്ടെത്തി കർഷകന് നിർദ്ദേശിച്ച പരിഹാരം. ഈ ഉപദേശം യാദൃച്ഛികമോ ഭാഷ ഉപയോഗിച്ചതിലെ പിഴവോ അല്ല. വനംവകുപ്പ് സമീപനമാണ് അതു പ്രകടിപ്പിക്കുന്നത്. കർഷകരുടെ ജീവനെയോ കൃഷിയെയും സംരക്ഷിക്കുവാൻ വനംവകുപ്പ് ഉദ്ദേശിക്കുന്നില്ല. മറിച്ച് കാട്ടുമൃഗങ്ങളും ആയി സഹകരിച്ചും സഹവർത്തിത്വവും ജീവിക്കുവാൻ കർഷകൻ പരിശീലിച്ചു കൊള്ളുക എന്ന വ്യക്തമായ മറുപടിയാണ് കർഷകന് കിട്ടിയിരിക്കുന്നത്.

ചുരുക്കത്തിൽ വന്യജീവികൾ മേഞ്ഞുനടക്കുന്ന പ്രദേശങ്ങളെല്ലാം വനംവകുപ്പിന്റെ പരിധിയിൽ ആയിക്കൊണ്ടിരിക്കുകയാണ്. പട്ടയം ഉള്ളതാണെങ്കിലും ഇല്ലെങ്കിലും അതിനുള്ളിൽ കൃഷി ചെയ്ത് ജീവിക്കുന്ന കർഷകർ വന്യജീവികളുമായി സഹകരിക്കാൻ തയ്യാറാവുക മാത്രമാണ് പരിഹാരം എന്നർത്ഥം. ഇത്തരമൊരു പരാതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചാൽ അക്കാര്യത്തിൽ ഒരു ഡി എഫ് ഓയ്ക്ക് പറയാൻ ഉള്ളതിനേക്കാൾ കൂടിയ കാര്യങ്ങൾ ഒന്നും മുഖ്യമന്ത്രിക്കും ഇല്ല എന്ന സന്ദേശവും ഈ നടപടി നൽകിക്കഴിഞ്ഞു.

