പത്തനംതിട്ട ചിറ്റാർ വനപാലകർ കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ മൃതദേഹം കിണറ്റില്‍; 75000 രൂപ കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ ഭർത്താവിനെ മർദ്ദിച്ചു കൊന്നു കിണറ്റിലിട്ടതാണെന്ന് ഭാര്യ ഷീബ

പത്തനംതിട്ട: പത്തനംതിട്ട കുടപ്പനയില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തി. ചിറ്റാര്‍ സ്വദേശി പടിഞ്ഞാറ്റേതില്‍ ടി ടി മത്തായിയാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സ്ഥാപിച്ചിരുന്ന സിസിടിവി കാമറ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് വനപാലകര്‍ മത്തായിയെ കസ്റ്റഡിയിലെടുത്തത്.

ഭാര്യ ഷീബ ഇതേപ്പറ്റി ഇങ്ങനെ പറയുന്നു: “ചൊവ്വാഴ്ച വൈകീട്ട് വീട്ടിലെത്തിയ വനപാലകര്‍ മത്തായിയെ കൂട്ടികൊണ്ടുപോയി. എന്തിനാണെന്ന് അന്വേഷിച്ചു. മോശമായ മറുപടിയാണ് കിട്ടിയത്. കാര്യമറിയണമെങ്കില്‍ ചിറ്റാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് വരണം. രാത്രിയില്‍ മറ്റൊരാളുടെ ഫോണില്‍ നിന്നും ഷീബയ്ക്ക് വിളി വന്നു. എഴുപത്തിയയ്യാരം രൂപ തന്നാല്‍, കേസവസാനിപ്പിക്കാം എന്നാണ് ഫോണില്‍ പറഞ്ഞത്. മത്തായി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. തന്നേയും കുടുംബാംഗങ്ങളേയും അനാഥമാക്കുന്ന കാര്യം മത്തായി ചെയ്യില്ല അവര്‍ കൊന്ന് കിണറ്റില്‍ ഇട്ടതാണ്.”

വണ്ടിയില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ കിണറ്റില്‍ വീണുമരിച്ചുവെന്നാണ് വനപാലകര്‍ പറയുന്നത്. മൃതദേഹം പുറത്തെടുക്കാനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. പോലീസ് കേസെടുത്തതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.

സംഭവം നടന്ന കിണര്‍ മത്തായിയുടെ ഫാമിലാണ്. സ്വന്തം ഫാമും കിണറിന്റെ സ്ഥാനവും കൃത്യമായി അറിയുന്ന മത്തായി ഓടുന്നതിനിടയില്‍ അറിയാതെ കിണറ്റില്‍ വീഴാനിടയില്ല. സിസിടിവി കാമറ നശിപ്പിച്ചു എന്ന ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ ഇറങ്ങി ഓടി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം മത്തായിക്കില്ല. വനപാലകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയോ മര്‍ദ്ദിച്ചതിന്റെ അപമാനത്തിലോ മരണമെന്നാണ് സംശയം.

വൈകീട്ട് നാലു മണിയ്ക്ക് കസ്റ്റഡിയിലെടുത്ത മത്തായിയുടെ മൃതദേഹം അര്‍ദ്ധരാത്രിയോടെയാണ് വീടിനടുത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്. കണ്ടെത്തിയത് വനപാലകരാണ്. വീട്ടില്‍ വിവരമറിയിച്ചതും അവര്‍ തന്നെയാണ്. സംഭവവുമായി ബന്ധമുള്ള ഏഴുദ്യോഗസ്ഥരെ സ്‌റ്റേഷന്‍ ഡ്യൂട്ടില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. പോലീസ് കേസന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം