തിരുവനന്തപുരം: ചിറ്റാറിലെ കര്‍ഷകനായ പടിഞ്ഞാറ്റേതില്‍ മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധ നടപടി. കസ്റ്റഡിയിലിരിക്കെ മത്തായി മരണപ്പെട്ടതോടെ അതിന്റെ ഉത്തരവാദിത്വം വനപാലകര്‍ക്കാണ്.

ഫോറസ്റ്റു സ്ഥാപിച്ച സിസിടിവി നശിപ്പിച്ചു എന്ന് ആരോപിച്ചാണ് മത്തായിയെ വീട്ടില്‍ നിന്നും പിടിച്ചു കൊണ്ടുപോയത്. വനം, വന്യജീവി സമ്പത്തുകള്‍ക്കുണ്ടാകുന്ന നാശമൊഴികെ കേസെടുത്ത് പ്രതികളെ കസ്റ്റഡിയിലെടുക്കുവാന്‍ വനം വകുപ്പിന് അധികാരമില്ല.
വനംവകുപ്പിന്റെ വസ്തുവകകള്‍ക്ക് നഷ്ടമുണ്ടായാല്‍ പോലീസില്‍ പരാതിപ്പെടുകയും പോലീസ് നടപടി സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. ഇതിനുപകരം വനപാലകര്‍ സംഘടിതരായി എത്തി മത്തായിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയി. ചോദ്യം ചെയ്ത ഭാര്യയെ ഭീഷണിപ്പെടുത്തി. എന്തിനാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് വെളിപ്പെടുക്കാന്‍ വിസമ്മതിച്ചു. കാരണമന്വേഷിച്ച ഭാര്യ ഷീബയോട് അപമാനകരമായ മറുപടിയാണ് പറഞ്ഞത്. കാരണമറിയണമെങ്കില്‍ ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് വന്നാല്‍ മതിയെന്നായരിന്നു അവരുടെ പ്രതികരണം.
ഒരു കേസിലെ പ്രതിയെ അറസ്റ്റുചെയ്യുമ്പോള്‍ സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പോലീസ് പാലിക്കേണ്ടതുണ്ട്. ഇതേ മാനദണ്ഡങ്ങള്‍ തന്നെ എല്ലാ അറസ്റ്റിലും ബാധകമാണ്. മത്തായിയുടെ കാര്യത്തില്‍ വനനിയമങ്ങളനുസരിച്ച് പരാതിയോ കേസോ ഉണ്ടായിരുന്നില്ല. സിസിടിവിയുടെ കാര്യം പറഞ്ഞ് വീട്ടില്‍ കയറി അയാളെ പിടിച്ചു കൊണ്ടു പോകുകയായിരുന്നു.

