തിരുവനന്തപുരം: എല്ലാ പ്രദേശത്തേയും ആളുകള്‍ അതത് പ്രദേശങ്ങളില്‍ രോഗികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമൂഹത്തില്‍ രോഗികളുണ്ട് എന്ന് വിചാരിച്ചു തന്നെ പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ പത്ത് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണുള്ളത്. ആകെ 84 ക്ലസ്റ്ററുകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധയില്‍പ്പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ആവര്‍ത്തിച്ചുറപ്പിക്കേണ്ടത് ശാരീരിക അകലം പാലിക്കുക, കൈകഴുകുക, മാസ്‌ക് ധരിക്കുക എന്നീ ബ്രേക്ക് ദി ചെയിന്‍ ജീവിത രീതികള്‍ തന്നെയാണ്. രോഗികളാകുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും സാമൂഹ്യമായി അകറ്റി നിര്‍ത്താതെ അവര്‍ക്കാവശ്യമായ സഹായം നല്‍കണം. കമ്പോളങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നുവെന്നാണ് തിരുവനന്തപുരത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്.
പൊതുജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. ആളുകള്‍ എത്തേണ്ട സ്ഥലങ്ങളില്‍ സാനിറ്റൈസറുകള്‍ ലഭ്യമാക്കണം. സമൂഹത്തില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കുന്നതിനും അവശരായവരെ സംരക്ഷിക്കുന്നതിനും എല്ലാവരും മുന്‍ഗണന കൊടുക്കണം. കോവിഡ് വ്യാപനത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി ബഹുജന-മഹിള-യുവജന-ശാസ്ത്ര സംഘടനകളെല്ലാം ബ്രേക്ക് ദി ചെയിന്‍ മൂന്നാംഘട്ട പ്രചാരണപരിപാടി വമ്പിച്ച ജനകീയ പ്രസ്ഥാനമാക്കി വിജയിപ്പിക്കാന്‍ എല്ലാവരും മുന്നോട്ടുവരണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പുതിയ സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കുന്നതിനോടൊപ്പം അതിവേഗം റിസള്‍ട്ട് ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകും. അതിനാവശ്യമായ മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കും. സ്വകാര്യ ലാബുകള്‍ പരമാവധി ഉപയോഗപ്പെടുത്തും. പരിശോധനാ കേന്ദ്രങ്ങള്‍ കൂടുതല്‍ തുടങ്ങുന്നതിന് അടിയന്തര പ്രാധാന്യം നല്‍കും.
എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കും. 100 കിടക്കകളെങ്കിലുമുള്ള സെന്ററാണ് ഓരോ പഞ്ചായത്തിലും ആരംഭിക്കുക. ഇതിന്റെ നടത്തിപ്പിനാവശ്യമായ ആരോഗ്യപ്രവര്‍ത്തകരെയും കണ്ടെത്തും.
ആരോഗ്യപ്രവര്‍ത്തകരെയാകെ അണിനിരത്തി പ്രതിരോധ പ്രവര്‍ത്തനം വിപുലപ്പെടുത്തും. ഏതു നിമിഷവും സേവനം ലഭ്യമാകുന്ന രീതിയില്‍ സേനയെപ്പോലെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഉണ്ടാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധപ്പെട്ടവര്‍ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും പ്രവര്‍ത്തിക്കുന്നവരും ആരോഗ്യമേഖലയില്‍ നിയോഗിക്കാന്‍ കഴിയുന്ന, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാവരും ഉള്‍ക്കൊള്ളുന്ന ഒരു സംവിധാനം കൊണ്ടു മാത്രമാണ് നമുക്കു മുന്നേറാന്‍ കഴിയുക. സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും നല്ല തോതില്‍ ഇതുമായി സഹകരിപ്പിക്കും. അതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കും.
കോവിഡ് 19 മഹാമാരിയെ നിസ്സാരവല്‍ക്കരിക്കുന്ന കുറച്ചുപേരെങ്കിലും നമുക്ക് ചുറ്റുമുണ്ട്. ഈ രോഗം വന്നു മാറുന്നതാണ് നല്ലതെന്നും വിദേശത്തൊക്കെ ആളുകള്‍ ഒരുമിച്ച് തിങ്ങിപ്പാര്‍ത്തിട്ടും വലിയ കുഴപ്പങ്ങളൊന്നുമുണ്ടായില്ല എന്നുമുള്ള പ്രചരണം നടക്കുന്നുണ്ട്. കാര്യമായ ജാഗ്രതയുടെ ആവശ്യമില്ല എന്നതാണ് ഇത്തരം പ്രചരണങ്ങളുടെ കാതല്‍. പക്ഷേ, ഇവര്‍ പ്രധാനപ്പെട്ട ചില വസ്തുതകള്‍ കാണുന്നില്ല. അല്ലെങ്കില്‍ അത്യന്തം ഹീനമായ ഉദ്ദേശ്യങ്ങള്‍ ഇത്തരക്കാര്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട രേഖ :https://keralanews.gov.in/6201/covid-19-cm-press-meet.html