ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈനയെ പാടേ ഒഴിവാക്കി വിദേശമൂലധന നിക്ഷേപം കൊണ്ടുവരാന്‍ ഇന്ത്യ പദ്ധതി തയ്യാറാക്കും. അതിര്‍ത്തിയില്‍ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കുന്ന ചൈനയെ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഒതുക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. വമ്പന്‍ ടെക്നോളജി കമ്പനികളടക്കമുള്ള നിക്ഷേപകരെ ചൈനയില്‍നിന്ന് ഇന്ത്യയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും തുടര്‍ പ്രവര്‍ത്തനം . ഇതിനു പാകത്തില്‍ ഇന്ത്യയുടെ എഫ്ഡിഐ നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്കി വിദേശകമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കും. ഖനനം, ബാങ്കിങ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് എന്നിവയ്ക്കു പുറമേയായിരിക്കും കൂടുതല്‍ ഇളവുകളെന്ന് വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ആഗോളതലത്തില്‍ പല കമ്പനികളും ചൈനയുമായുള്ള ബന്ധം വിച്ഛേദിച്ച് ഇന്ത്യയിലേക്ക് വരാന്‍ താല്പര്യപ്പെടുന്നുണ്ട്. അമേരിക്കന്‍ കമ്പനികളടക്കം ചൈനയിലെ ഉല്പാദന കേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനോ അവയ്ക്കു ബ്രാഞ്ചുകള്‍ സ്ഥാപിക്കാനോ ശ്രമിക്കുന്ന അവസരമാണിത്. കോവിഡും യുഎസ്- ചൈന വാണിജ്യയുദ്ധവും ഉണ്ടാക്കിയ സവിശേഷ സാഹചര്യം അനുകൂലമാക്കാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. സ്വദേശി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനാണ് ശ്രമം. പുതിയ എഫ്ഡിഐ നിയമങ്ങള്‍ വരും ആഴ്ചകളില്‍ പ്രഖ്യാപിച്ചേക്കും.

