കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞദിവസം രാത്രി ബംഗളൂരുവില്‍ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് യാത്രതിരിച്ചു. കേരള അതിര്‍ത്തി പിന്നിട്ടെന്നാണ് സൂചന. ഇരുവരെയും കഴിഞ്ഞദിവസം ബാംഗ്ലൂലൂരിലെ എന്‍ഐഎ ഓഫിസില്‍ ചോദ്യംചെയ്തിരുന്നു.
സന്ദീപ് സഹോദരനെ ഫോണില്‍ വിളിച്ചതാണ് പ്രതികളെ പിടികൂടാന്‍ എന്‍ഐഎക്ക് സഹായമായത്. സന്ദീപിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെയാണ് സഹോദരന്റെ ഫോണിലേക്ക് സന്ദീപ് വിളിച്ചത്. ഇക്കാര്യം കസ്റ്റംസ് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷണം നടത്തിയതും പ്രതികളെ കണ്ടെത്തിയതും.
സ്വര്‍ണക്കടത്ത് പുറത്തുവന്ന് ഒരാഴ്ച തികയുമ്പോഴാണ് സ്വപ്ന പിടിയിലായത്. ഇതുവരെ തിരുവനന്തപുരം, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. രണ്ടുദിവസം മുമ്പാണ് സ്വപ്ന കൊച്ചിയില്‍നിന്ന് ബംഗളൂരുവില്‍ എത്തിയത്. ബംഗളൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്റ് ഹോട്ടലില്‍ താമസിക്കുകയായിരുന്നു സ്വപ്ന. ഇവിടെനിന്നാണ് സ്വപ്‌നയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.
സന്ദീപ് നായരെ മറ്റൊരു അപ്പാര്‍ട്ട്മെന്റില്‍നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രണ്ടരലക്ഷം രൂപയും തിരിച്ചറിയല്‍ കാര്‍ഡും പാസ്പോര്‍ട്ടും മൂന്ന് മൊബൈല്‍ ഫോണും ഇവരില്‍നിന്നു കണ്ടെത്തി. കാറില്‍ രണ്ടുദിവസം മുമ്പ് ഇവര്‍ ബംഗളൂരുവില്‍ എത്തിയതെന്നാണ് വിവരം. സന്ദീപാണ് കാര്‍ ഓടിച്ചിരുന്നത്. യാത്രാമധ്യ പല ഇടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍, അറസ്റ്റിലായ സരിത്താണ് ഒന്നാംപ്രതി. രണ്ടാം പ്രതിയാണ് സ്വപ്ന. ഫൈസല്‍ ഫരീദ് മൂന്നാംപ്രതിയും സന്ദീപ് നായര്‍ നാലാംപ്രതിയുമാണ്. വെള്ളിയാഴ്ച വൈകീട്ടാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി ശനിയാഴ്ച അറസ്റ്റിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് ആണെന്ന് അറിയുന്നു. പ്രത്യേക വാഹനത്തില്‍ കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ പിടിയിലായ സരിത്തും ഈ ഓഫിസില്‍ത്തന്നെയാണ് ഉള്ളത്. ഇരുവരെയും പ്രത്യേകമായും ഒന്നിച്ചുനിര്‍ത്തിയും ചോദ്യംചെയ്യും. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാവുമെന്ന് സൂചനയുണ്ട്.