തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷിനായി കസ്റ്റംസ് അന്വേഷണം വ്യാപകമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ ഫ്ലാറ്റിൽ നിന്നും മുങ്ങിയത്. മൂന്നുമണിവരെ ഫ്ലാറ്റിൽ ഉണ്ടായിരുന്നതായാണ് വിവരം. ഡിപ്ലോമാറ്റിക് ചാനലിലൂടെ കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടിയതിന് തൊട്ടുപിന്നാലെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഉറപ്പായതോടെയാണ് സ്വപ്ന ഫ്ലാറ്റ് പൂട്ടി പോയത്.
സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള സന്ദീപ് എന്നയാൾ രണ്ടു ദിവസം മുമ്പുവരെ വീട്ടിലും സ്ഥാപനത്തിലും ഉണ്ടായിരുന്നു. രണ്ടുപേരും ഒരു സങ്കേതത്തിൽ തന്നെ ഉണ്ടാവാം എന്ന സംശയവും അന്വേഷണസംഘം പ്രകടിപ്പിക്കുന്നുണ്ട്. സന്ദീപിന്റെ ഭാര്യ സൗമ്യയെ നെടുമങ്ങാട് നിന്നും കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിൽ കൊണ്ടുവന്നു ചോദ്യം ചെയ്തു. സന്ദീപിനും സൗമ്യയ്ക്കും സ്വർണക്കടത്ത് ഇടപാടുകളുമായി ബന്ധം ഉണ്ട് എന്നു തന്നെയാണ് കസ്റ്റംസ് വിലയിരുത്തുന്നത്. സൗമ്യയെ കാരിയർ ആക്കി സ്വർണ്ണം കൊണ്ടുവന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് കസ്റ്റംസ് ശ്രമിക്കുന്നത്.

