കോവിഡ് -19ന്റെ ഉദ്ഭവത്തെക്കുറിച്ചു വ്യത്യസ്തമായ ഒരു കാഴ്ചപ്പാട്

കൊറോണ വൈറസ് ലോകത്തെമ്പാടും നിശബ്ദമായി നിലനിന്നിരിക്കാമെന്നും, സാഹചര്യം അനുകൂലമായപ്പോള്‍ അവ സജീവമായതായിരിക്കാമെന്നും ഒരു ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വിദഗ്ദ്ധന്‍ സൂചിപ്പിക്കുന്നു. ഓക്‌സ്‌ഫോര്‍ഡിലെ സെന്റര്‍ ഫോര്‍ എവിഡന്‍സ് ബേസ്ഡ് മെഡിസിന്‍ (CEBM) സീനിയര്‍ അസോസിയേറ്റ് ട്യൂട്ടറും ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറുമായ ഡോ. ടോം ജെഫേഴ്‌സണ്‍, ഏഷ്യയില്‍ ഈ വൈറസ് പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് മറ്റെവിടെയെങ്കിലും ഉണ്ടായിരുന്നു എന്നതിന് തെളിവുകള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് വാദിക്കുന്നു. സജീവമല്ലാത്ത നിലനില്‍പ് അവ എത്തുന്ന അതേ വേഗതയില്‍ തന്നെ അപ്രത്യക്ഷമാവാം എന്നതിനെ സൂചിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.

കൊറോണ വൈറസ് ചൈനയില്‍ കാണുന്നതിന് ഒമ്പത് മാസം മുമ്പ്, 2019 മാര്‍ച്ചില്‍ ശേഖരിച്ച മലിനജലത്തിന്റെ സാമ്പിളുകളില്‍ രോഗത്തിന്റെ അംശം കണ്ടെത്തിയതായി കഴിഞ്ഞ ആഴ്ച സ്പാനിഷ് വൈറോളജിസ്റ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇറ്റാലിയന്‍ ശാസ്ത്രജ്ഞരാകട്ടെ മിലാനിലെയും ടൂറിനിലെയും മലിനജല സാമ്പിളുകളില്‍ കൊറോണ വൈറസിന്റെ തെളിവുകള്‍ ഡിസംബര്‍ പകുതിയോടെ കണ്ടെത്തിയതായും പറയുന്നു. ആദ്യത്തെ കേസ് കണ്ടെത്തുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ്, നവംബറില്‍ ബ്രസീലില്‍ തെളിവുകള്‍ കണ്ടെത്തിയാതായി ചില വിദഗ്ധ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സാര്‍സിന്റെ തിരോധനത്തിലേയ്ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ഡോ. ടോം ജെഫേഴ്‌സണ്‍, വൈറസിനുമേല്‍ പരിതഃസ്ഥിതികളുടെ സ്വാധീനശക്തിയെക്കുറിച്ച് ഗവേഷണം ആരംഭിക്കണം, അത് എങ്ങനെ ഉദ്ഭവിക്കുന്നു, പരിവര്‍ത്തനം എങ്ങിനെയാണ് എന്നെല്ലാം കണ്ടുപിടിക്കേണ്ടതിന്റെ പ്രാധാന്യം തെളിയിക്കുന്നു. സംസാരം, ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറത്താക്കിയ തുള്ളികളിലൂടെ മാത്രമല്ല, മലിനജല സംവിധാനത്തിലൂടെയോ പങ്കിടുന്ന ടൈപ്പ് ടോയ്‌ലറ്റ് സൗകര്യങ്ങളിലൂടെയോ വൈറസ് പകരാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

1854ല്‍ ജോണ്‍ സ്‌നോ നടത്തിയ അന്വേഷണത്തിനു സമാനമായ, ആഴത്തിലുള്ള അന്വേഷണം നടത്തണമെന്ന് ഡോ. ജെഫേഴ്‌സണും, സിഇബിഎം ഡയറക്ടര്‍, പ്രൊഫസര്‍ കാള്‍ ഹെനെഗെഹാനും ടെലിഗ്രാഫില്‍ എഴുതുന്നു. സോഹോയിലെ അണുബാധിതമായ ഒരു കിണറ്റില്‍ നിന്ന് ലണ്ടനില്‍ കോളറ പടരുന്നു എന്നതായിരുന്നു ജോണ്‍ സ്‌നോയുടെ കണ്ടുപിടിത്തം. ഭക്ഷ്യ ഫാക്ടറികളിലും ഇറച്ചി പായ്ക്കിംഗ് പ്ലാന്റുകളിലും വഴി വൈറസ് ഇത്രയധികം വേഗം പൊട്ടിപ്പുറപ്പെടുന്നത്തിനുള്ള കാരണം കണ്ടുപിടിക്കുന്നതിലൂടെ പുതിയ പ്രസരണമാര്‍ഗങ്ങള്‍ കണ്ടെത്താമെന്ന് അവര്‍ വിശ്വസിക്കുന്നു.

ഓടയിലെ മലിനജലത്തില്‍ ധാരാളം അണുക്കളുള്ള പോലെത്തന്നെ മലമൂത്രവിസര്‍ജ്യങ്ങളിലും അവ ഗണ്യമായുണ്ട്. മലിനജലത്തിന് 4 ഡിഗ്രി താപനില ഉള്ളപ്പോഴാണ് വൈറസിന്റെ സാന്ദ്രതയും, നിലനില്പും, സജീവതയും ഉയര്‍ന്നു കാണുന്നത്. ഇറച്ചി പായ്ക്കിംഗ് പ്ലാന്റുകളിലും പലപ്പോഴും ഇതേ താപനിലയാണെന്നതിനാല്‍ വൈറസുകളുടെ നിലനില്‍പ്പ് എളുപ്പമാകുന്നു. ഈ രണ്ടു കാര്യങ്ങളും വിരല്‍ ചൂണ്ടുന്നത് മനുഷ്യരുടെ കൈകളുടെ തെറ്റായ ശുചിത്വപരിപാലനത്തിലേയ്ക്കാണ്. ജോണ്‍ സ്‌നോയുടെ ആഴമായ അന്വേഷണത്തിനു സമാനമായ ഒരു അന്വേഷണം കോവിഡ് വൈറസിന്റെ കാര്യത്തിലും വേണമെന്ന ഡോ. ടോമിന്റെ വാദത്തിന് അങ്ങിനെ പ്രസക്തിയേറുന്നു.


തയ്യാറാക്കിയത്: രേഖ ദേവരാജന്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →