ന്യൂഡല്‍ഹി: ഗാല്‍വനില്‍നിന്ന് ചൈനീസ് സേന പിന്നാക്കം നീങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മേഖലയില്‍നിന്ന് ഇരുസേനകളും പിന്നാക്കം മാറണമെന്ന് ഇരുരാജ്യങ്ങളുടെയും സൈനിക മേധാവികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ചൈന പിന്മാറ്റം നടത്തിയത്. രണ്ട് കിലോമീറ്റര്‍ പിറകോട്ട് നീങ്ങിയെന്നാണ് റിപ്പോട്ടുകള്‍. ഗാല്‍വന്‍ പി 14ല്‍ ഇരുസേനകളും മുഖാമുഖം വന്ന അവസ്ഥയ്ക്ക് ഇതോടെ മാറ്റം വന്നിരിക്കുകയാണ്. ഇരു സേനകളും ഇവിടെ 500 മീറ്റര്‍ അകലത്തില്‍ മുഖത്തോടുമുഖം നിലയുറപ്പിച്ചിരിക്കുകയായിരുന്നു.
കൂടാതെ ഗാല്‍വന്‍ നദി കരകവിഞ്ഞൊഴുകുകയാണ്. ഇവിടെ ചൈന നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശക്തമായ ജലപ്രവാഹത്തില്‍ ഒഴുകിപ്പോയി. എടുത്തിട്ട മണ്ണ് മുഴുവന്‍ കൂലംതകര്‍ത്ത് ഒഴുകിയ നദി ഒഴുക്കിക്കൊണ്ട് പോയിരിക്കുകയാണ്. ചൈനയുടെ സൈനികര്‍ പല തുരുത്തുകളിലായി ഒറ്റപ്പെട്ടുപോയ സ്ഥിതി ഇവിടെ സംജാതമായിരുന്നു. ഇതും ചൈനയുടെ പിന്മാറ്റത്തിനു കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇരുസൈന്യങ്ങളും തമ്മില്‍ രണ്ട് കിലേമീറ്ററിന്റെ അകലമുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു.

