മോഷ്ടിക്കാന്‍ ചാന്‍സ് കിട്ടാതെ ദുഃഖിതനായി മടങ്ങുന്ന കള്ളന്റെ ദൃശ്യം സിസിടിവി ക്യാമറ പിടിച്ചെടുത്തു

പൊന്‍കുന്നം: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍നിന്ന് ഒന്നുംകിട്ടാതെ ഹതാശനായി മടങ്ങുന്ന കള്ളന്റെ ദൃശ്യം വീട്ടിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞു. അധ്യാപകനായ ഇളങ്ങുളം രണ്ടാംതോട് ഉപാസനയില്‍ സാബുവിന്റെ വീട്ടില്‍ മുറ്റത്തുനിന്ന് ടെറസിലേക്കുള്ള പടികയറിപ്പോയ കള്ളന്‍ അഞ്ചുമിനിട്ടിനകം മടങ്ങിവരുന്ന ദൃശ്യമാണ് സിസി ടിവി ക്യാമറയില്‍ പതിഞ്ഞത്. വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇയാള്‍ ഇരുട്ടിലേക്ക് ഓടിമറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.

റൂഫ് സ്ഥാപിച്ച മുകള്‍നിലയില്‍ കയറിയാല്‍ വീടിനകത്തു കടക്കാമെന്ന ധാരണയിലാണ് കയറിയതെന്നാണു സംശയം. തിരിച്ചിറങ്ങിവന്ന ഇയാള്‍ മുറിയുടെ തുറന്നുകിടന്ന ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ വീടിനുള്ളില്‍നിന്ന് നായയുടെ കുര ഉയര്‍ന്നു. ഇതോടെ വീട്ടുകാര്‍ ഉണര്‍ന്ന് പുറത്തേക്കുള്ള ലൈറ്റിട്ടു. വീട്ടുകാര്‍ ഉണര്‍ന്നതു മനസിലായതോടെ ഷര്‍ട്ടഴിച്ച് തല മൂടിപ്പുതച്ച് കള്ളന്‍ സ്ഥലംവിട്ടു. സിസി ടിവി പരിശോധിച്ചപ്പോളാണ് വീട്ടുകാര്‍ മോഷണശ്രമം അറിഞ്ഞത്. ഉടുമുണ്ട് തെറുത്ത് ഉടുത്തും ഷര്‍ട്ട് ഊരി തലയും വായും മൂടിപ്പുതച്ചുമാണ് യുവാവിനെ ദൃശ്യങ്ങളില്‍ കാണുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →