അമരാവതി(ആന്ധപ്രദേശ്): പ്രസവാനന്തരം യുവതി മരിച്ചത് അപശകുനമെന്ന് ആരോപിച്ച് നാട്ടുകാര്‍ അന്ത്യകര്‍മങ്ങള്‍ നടഞ്ഞു. രക്ഷകരായി ആന്ധ്രപ്രദേശ് പൊലീസ്. ആന്ധ്രപ്രദേശില്‍ ഞായറാഴ്ചയാണ് സംഭവം. പ്രസവത്തിനായ നന്ത്യാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ(23)യാണ് ശനിയാഴ്ച രാവിലെ മരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ലാവണ്യയുടെ മൃതദേഹം സംസ്കാരത്തിനായി നാട്ടിലേക്ക് കൊണ്ടുവന്നെങ്കിലും അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല.
പ്രസവത്തോടെ യുവതി മരിച്ചത് അപശകുനമാണെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. തിങ്കളാഴ്ച പൊലീസെത്തി കുടുംബാംഗങ്ങളുടെയും മണ്ഡല് റവന്യൂ ഓഫീസറുടെയും സാന്നിധ്യത്തില്‍ യുവതിയുടെ അന്ത്യകര്‍മങ്ങള്‍ നടത്തുകയായിരുന്നുവെന്ന് രുദ്രവരം സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ റാം മോഹന്‍ റെഡ്ഡി പറഞ്ഞു. മരണാനന്തര ചടങ്ങുകള്‍ തടഞ്ഞ നാട്ടുകാരായ 15 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.

