തിരുവനന്തപുരം: ഗള്‍ഫ് നാടുകളിലും അമേരിക്ക, ജര്‍മനി, ബ്രിട്ടണ്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ലക്ഷക്കണക്കിന് മലയാളികള്‍ ജോലിചെയ്യുന്നുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കും പഠനം, വിനോദസഞ്ചാരം, തീര്‍ഥാടനം തുടങ്ങിയവയ്ക്കും മലയാളികള്‍ വിദേശത്ത് പോയിവരുന്നു. ഇത്തരം യാത്രകള്‍ക്ക് മലയാളി കൂടുതലായി ആശ്രയിക്കുന്നത് വിമാനങ്ങളെയാണ്. ഓണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ വിമാനങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കായിരിക്കും. ഇതു മുതലെടുത്ത് വിമാനക്കമ്പനികള്‍ വിമാനക്കൂലി കൂട്ടി മലയാളികളെ പിഴിയുക സാധാരണയാണ്.
ഇതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ എയര്‍ കേരള എന്ന പേരില്‍ സ്വന്തമായി ഒരു വിമാനക്കമ്പനി തുടങ്ങാന്‍ ആലോചിച്ചത്. എന്നാല്‍, ആലോചന മാത്രമേ നടന്നുള്ളൂ. കാര്യം ഇതേവരെ ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരവിന്റെ കാഹളംമുഴക്കി ഉമ്മന്‍ചാണ്ടി എയര്‍ കേരള എന്ന സ്വപ്‌നപദ്ധതിയുമായി രംഗപ്രവേശം ചെതിരിക്കുകയാണ്. അതുസംബന്ധിച്ച് തന്റെ സോഷ്യല്‍ മീഡിയ സ്റ്റാറ്റസിലാണ് ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. ഉമ്മന്‍ചാണ്ടിയുടെ വാക്കുകളിലൂടെ..
കേരളത്തിന്റെ നടക്കാതെ പോയ സ്വപ്നമാണ് എയര്‍ കേരള. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെലവുകുറഞ്ഞ വിമാനസര്‍വീസായിരുന്നു ലക്ഷ്യം. കോവിഡ്- 19 കാലഘട്ടത്തില്‍ ഇത്തരമൊരു വിമാനം കേരളത്തിന് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കാത്തവര്‍ ആരും കാണില്ല.
2006ല്‍ യുഡിഎഫ് സര്‍ക്കാരാണ് എയര്‍ കേരള ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ ആശയം കുറച്ചുകൂടി മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് വിമാനസര്‍വീസ് തുടങ്ങണമെന്ന ആശയം കേരളം മുന്നോട്ടുവച്ചത്.
200 കോടി രൂപയുടെ പദ്ധതിയില്‍ 26 ശതമാനം വിഹിതം സംസ്ഥാന സര്‍ക്കാരും ബാക്കി വിഹിതം പ്രവാസികളില്‍നിന്ന് ഓഹരിയായും സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. സിയാലിനായിരുന്നു ഇതിന്റെ ചുമതല. പ്രവാസികളുടെ നിര്‍ലോഭമായ സഹകരണത്തോടെ ഇതു നടപ്പാക്കാന്‍ സാധിക്കുമായിരുന്നു.
അന്നത്തെ വ്യോമയാന നയമാണ് ഇതിനു തടസമായത്. വിദേശവിമാന സര്‍വീസ് നടത്താന്‍ 20 വിമാനങ്ങള്‍ വേണമെന്നും ആഭ്യന്തര സര്‍വീസ് നടത്തി അഞ്ചുവര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം എന്നുമായിരുന്നു വ്യവസ്ഥ. ഈ തടസങ്ങള്‍ അറിയാമായിരുന്നെങ്കിലും ഒരു സംസ്ഥാന സര്‍ക്കാര്‍
വിദേശ വിമാനസര്‍വീസ് നടത്താന്‍ മുന്നിട്ടിറങ്ങുമ്പോള്‍ അതില്‍ ഇളവു കിട്ടുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂലമായ ചില സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും പിന്നീട് അത് നൂലാമാലകളില്‍ കുടുങ്ങി.
വിദേശ വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള വ്യവസ്ഥകളില്‍ ഇപ്പോള്‍ ഇളവുകള്‍ ഉണ്ടെന്നു പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ എയര്‍ കേരള നടക്കാന്‍ സാധ്യതയുള്ള ഒരു സ്വപ്നം തന്നെയാണ് എന്ന് ഉമ്മന്‍ചാണ്ടി പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

