വരണമാല്യം കാത്തിരുന്ന പെണ്‍കുട്ടിക്കു കിട്ടിയത് വെടിയുണ്ട, വിവാഹത്തിന് രണ്ടുദിവസം മുമ്പ് വീട്ടിലേക്ക് കടന്നെത്തിയ അക്രമി പിതാവിനെയും കൊന്നു

മീററ്റ്: വരണമാല്യം കാത്തിരുന്ന പെണ്‍കുട്ടിക്കു കിട്ടിയത് വെടിയുണ്ട. വിവാഹത്തിന് രണ്ടുദിവസം മുമ്പ് വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമി പിതാവിനെയും കൊന്നു. മീററ്റിലെ ടിപി നഗര്‍ സ്വദേശികളായ രാജ്കുമാര്‍, മകള്‍ അഞ്ചല്‍(19) എന്നിവരാണ് മരിച്ചത്. അഞ്ചലിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയായിരുന്നു ഈ ദാരുണമായ കൊലപാതകം നടന്നത്. അക്രമത്തില്‍ രാജ്കുമാറിന്റെ മകനും പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് സാഗര്‍ എന്ന യുവാവും സുഹൃത്തുക്കളും മാതാവ് രേഖയും രാജ്കുമാറിന്റെ വീട്ടിലെത്തി ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്.

അഞ്ചലിനെ വിവാഹം ചെയ്യണമെന്ന് സാഗര്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം അഞ്ചലിനോട് സാഗര്‍ തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാല്‍, സാഗറുമായുള്ള വിവാഹത്തിന് അഞ്ചലിന് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. ഇതിനിടെ മറ്റൊരു യുവാവുമായി അഞ്ചലിന്റെ വിവാഹം നിശ്ചയിച്ചതാണ് സാഗറിനെ പ്രകോപിച്ചിച്ചതും കൊലപാതകത്തില്‍ കലാശിച്ചതും.

ശനിയാഴ്ച രാത്രി വീട്ടിലെത്തിയ സാഗറും സുഹൃത്തുക്കളും അഞ്ചലിനെ വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ വാക്കുതര്‍ക്കവും ബഹളവുമുണ്ടായി. ഇതിനുപിന്നാലെയാണ് സംഘം ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ അഞ്ചല്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാജ്കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

സംഭവത്തില്‍ സാഗറിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി സാഗറും മാതാവ് രേഖയും കേസില്‍ പ്രതികളാണ്. ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചുകഴിഞ്ഞുവെന്നും പോലീസ് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം