ആര്‍ക്കും പ്രതിരോധിക്കാനാവാത്ത ഇന്ത്യന്‍ കമാന്‍ഡോ വിഭാഗമായ ഘാതക് എന്ന സാക്ഷാല്‍ ഘാതകന്മാരെപ്പറ്റി

ന്യൂഡല്‍ഹി: കരാത്തെ എന്നാല്‍ വെറുംകൈ. കരാത്തെ എന്ന ആയോധനകല വെറുംകൈ ഉപയോഗിച്ചുള്ള പ്രയോഗമാണ്. എതിരാളി ആയുധം കൈയില്‍ ധരിച്ചിട്ടുണ്ടെങ്കിലും വെറുംകൈ ഉപയോഗിച്ച് അയാളെ കീഴ്‌പ്പെടുത്തുന്ന വിദ്യയാണതില്‍ പരിശീലിക്കുന്നത്. ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ രാജ്യത്തിന്റെ അഭിമാനം കാക്കാന്‍ മുന്നിട്ടിറങ്ങിയത് ഇന്ത്യന്‍ കരസേനയിലെ ഘാതക്ക് എന്ന വിഭാഗമാണ്. ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് പകരംവീട്ടാനെത്തിയ ഘാതക്കിന്റെ പ്രഹരത്തില്‍ 43 ചൈനീസ് പടയാളികള്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് അനൗദ്യോഗിക വിവരം. വെറുംകൈ ആയുധങ്ങളാക്കി എതിരാളിക്കുമേല്‍ കനത്ത പ്രഹരമേല്‍പ്പിക്കുന്ന ഘാതക്ക് സൈനികരെ വെല്ലാന്‍ ആര്‍ക്കുമാവില്ല.

കൊലയാളി എന്ന അര്‍ഥമുള്ള ഘാതക്ക് എന്ന പേരു കേള്‍ക്കുമ്പോഴേ മനസിലാക്കാം ഇവര്‍ നിസാരക്കാരല്ലെന്ന്. ശത്രുവിന് മാരകമായി പ്രഹരമേല്‍പ്പിക്കുന്ന, മാതൃരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ധീരന്‍മാരുടെ സംഘമാണത്. ഇരുളിന്റെ നിഴല്‍പറ്റി ശത്രുനിരയ്ക്കുള്ളില്‍ കടന്നുകയറി വെറുംകൈ ഉപയോഗിച്ച മരണം വിതയ്ക്കാന്‍ ബഹുകേമന്‍മാരാണവര്‍. കര്‍ണാടകയിലെ ബെല്‍ഗാമിലാണ് ഘാതക്ക് കമാന്‍ഡോകള്‍ക്ക് പരിശീലനം നല്‍കുന്നത്.

അതികഠിനമായ പരിശീലനമാണ് ഇവര്‍ക്കു നല്‍പ്പെടുന്നത്. മറ്റ് സേനാവിഭാഗങ്ങള്‍ക്കു നല്‍കുന്നതിലുമേറെ പ്രത്യേക പരിശീലനം ഇവര്‍ക്കു നല്‍കുന്നു. അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ ഏത് പ്രതികൂല കാലാവസ്ഥയിലും ശത്രുനിരയ്ക്കുമേല്‍ മിന്നല്‍പിണര്‍പോലെ ആഞ്ഞടിക്കാന്‍തക്ക പരിശീലനം ഇവര്‍ക്ക് നല്‍കും. 35 കിലോഗ്രാം ഭാരവുമായി 40 കിലോമീറ്റര്‍ നിര്‍ത്താതെ ഓടുന്നതടക്കമുള്ള കഠിനപരിശീലനമാണ് ഇവരെ കരുത്തരാക്കുന്നത്. പരിശീലന സമയത്ത് മലകയറുമ്പോഴും ഇറങ്ങുമ്പോഴും 35 കിലോഗ്രാം ഭാരം ഇവരുടെ തോളിലുണ്ടാവും. ഇതുപോലെ മരുഭൂമി, ചതുപ്പ്, വനം, പാറക്കെട്ടുകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍വച്ചും വ്യത്യസ്ത തരം പരിശീലനം നല്‍കുന്നുണ്ട്. പരിശീലനശേഷവും ഘാതക് കമാന്‍ഡോകള്‍ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പ്രദേശങ്ങളില്‍ കഠിനപരിശീലനം തുടരും. സൈന്യത്തിന്റെ എല്ലാ യൂണിറ്റിലും ഘാതക്ക് കമാന്‍ഡോകളുടെ സാന്നിധ്യമുണ്ടാവും.

ഗാല്‍വനിലെ ഏറ്റുമുട്ടലിശേഷം അതിര്‍ത്തിയില്‍ ഇരുപക്ഷവും ആയുധബലവും ആള്‍ബലവും വര്‍ധിപ്പിക്കുന്നുണ്ട്. അപ്രതീക്ഷിതമായ ചൈനീസ് ആക്രമണത്തില്‍ നമ്മുടെ 20 ഭടന്മാര്‍ മരണപ്പെട്ടതിന് പകരംചോദിക്കാന്‍ നിയോഗിക്കപ്പെട്ടത് ഘാതക് വിഭാഗമാണ്. ഘാതക്കിന്റെ പ്രഹരത്തില്‍ 43 ചൈനീസ് പടയാളികള്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് അനൗദ്യോഗിക വിവരം. ഇതേത്തുടര്‍ന്ന് ആയോധനകലകളില്‍ കൂടുതല്‍ പ്രാവീണ്യമുള്ളവരെ അതിര്‍ത്തിയിലേക്ക് അയക്കാന്‍ ചൈന തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ഘാതക്കിന്റെ കരബലത്തില്‍ ഇത് മറികടക്കാനാവുമെന്ന് ശുഭപ്രതീക്ഷയാണ് സൈന്യത്തിനുള്ളത്.

ഇന്ത്യന്‍ സൈനികരിലെ ഘാതക് കമാന്‍ഡോകള്‍ വീണ്ടും ആക്രമിക്കുമെന്ന ഭയപ്പാടിലാണ് ചൈന. ഇതാണ് ആയോധനകലകളില്‍ കൂടുതല്‍ പ്രാവീണ്യമുള്ള സൈനികരെ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ ചൈന ശ്രദ്ധവയ്ക്കുന്നതിന്റെ കാരണവും. നമ്മുടെ ഘാതക്ക് കമാന്‍ഡോകളുടെ പ്രഹരശേഷിയും പോരാട്ടവീര്യവും ചൈന അത്രകണ്ട് ഭയക്കുന്നു എന്നതിന്റെ തെളിവാണത്.

അതിര്‍ത്തി പ്രദേശത്ത് വെടിവയ്പ്പോ തോക്കുപോലുള്ള ആയുധങ്ങളോ പ്രയോഗിക്കാന്‍ പാടില്ലെന്ന് 1996ല്‍ ഇന്ത്യയും ചൈനയും ഒപ്പുവച്ച കരാറില്‍ പറയുന്നു. ഇതിനാല്‍ പട്രോളിങ് ഉള്‍പ്പടെയുള്ള അവസരങ്ങളില്‍ ഇരുരാജ്യത്തെ സൈനികരും തോക്ക് തലകീഴായാണ് കൊണ്ടുനടക്കുന്നത്. ഇവിടെയാണ് ഘാതക് കമാന്‍ഡോ വിഭാഗത്തിന്റെ പ്രാധാന്യവും പ്രസക്തിയും. ഇവരുടെ സേവനത്തിനും ത്യാഗത്തിനും മുന്നില്‍ നമുക്ക് ശിരസ് നമിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →