വേട്ടനായ്ക്കളെ ഉപയോഗിച്ച് ശിക്കാറ്; മാംസവില്‍പ്പന ഓണ്‍ലൈനില്‍, നിലമ്പൂരില്‍ ‘ഹൈടെക്’ നായാട്ടുസംഘം പിടിയില്‍

നിലമ്പൂര്‍: മുന്തിയയിനം വിദേശ വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട് നടത്തി മാംസം ഓണ്‍ലൈനില്‍ വിറ്റ മൂന്നുപേര്‍ നിലമ്പൂരില്‍ അറസ്റ്റിലായി. അകമ്പാടം നമ്പൂരിപൊട്ടി രാമത്തുപറമ്പില്‍ ദേവദാസ് (49), എരുമമുണ്ട മതില്‍മൂല അരഞ്ഞികുണ്ടന്‍ തൗസിഫ് നെഹ്മാന്‍ (27), എരഞ്ഞിമങ്ങാട് മുസ്‌ല്യാരകത്ത് മുഹമ്മദ് ഹാസിഫ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഇനിയും പിടിയിലാവാനുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സൈബര്‍ ക്രൈം വകുപ്പുകൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വനംവകുപ്പ് എടുക്കുന്ന ആദ്യ കേസാണിത്. വേട്ടനായ്ക്കള്‍ വന്യജീവികളെ കടിച്ചുകീറുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ഇതുകാട്ടി മാംസം ഓണ്‍ലൈനില്‍ വില്‍പ്പന നടത്തുകയുമായിരുന്നു പ്രതികള്‍ ചെയ്തിരുന്നത്. കൂടാതെ നായ്ക്കളെയും അവയുടെ കുട്ടികളെയും വന്‍തുകയ്ക്ക് വിറ്റുവന്നിരുന്നു.

തോക്കുകളും കാട്ടുപന്നിയുടെ മാംസവുമായി നേരത്തെ അറസ്റ്റിലായ ദേവദാസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വേട്ടനായ്ക്കളെ ഉപയോഗിച്ച് നായാട്ട് നടത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റുപ്രതികള്‍ പിടിയിലായത്. 2019 മുതല്‍ ഇവര്‍ നടത്തിയ വേട്ടയാടലിന്റെ ദൃശ്യങ്ങള്‍ വനപാലകര്‍ക്ക് ഫോണില്‍ നിന്ന് ലഭിച്ചിരുന്നു. അമേരിക്കന്‍ ഡോബര്‍മാന്റെ എട്ട് കുഞ്ഞുങ്ങളെയും പ്രതിയായ ഹാഫിസിന്റെ ഓട്ടോറിക്ഷയും വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അമേരിക്കേന്‍ ബുള്‍ ഡോഗ്, ബുള്ളി, ഡോബര്‍മാന്‍ തുടങ്ങിയ മുന്തിയ വിദേശ ഇനത്തില്‍പ്പെട്ട നായ്ക്കളെ പരിശീലിപ്പിച്ചാണ് വേട്ടയ്ക്ക് ഉപയോഗിച്ചിരുന്നത്. കാട്ടുപന്നി, മുള്ളന്‍പന്നി, കേഴ, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി ഏത് മൃഗത്തെയും ഇത്തരം നായ്ക്കളെ ഉപയോഗിച്ച് ഇവര്‍ അനായാസം പിടികൂടിയിരുന്നു. വേട്ടയ്ക്ക് പറ്റിയ അസാമാന്യ മെയ്ക്കരുത്തും മെയ് വഴക്കവും ഇവയ്ക്കുണ്ട്. പ്രത്യേക പരിശീലനം സിദ്ധിച്ച ട്രെയ്‌നര്‍മാരാണ് നായ്ക്കളെ പരിശീലിപ്പിക്കുന്നത്. എസ്റ്റേറ്റ് മേഖലകളില്‍ രാത്രി കാവലിന് ഇത്തരം നായ്ക്കളെ ഉപയോഗിക്കുക പതിവുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →